| Friday, 3rd January 2025, 5:48 pm

അന്ന് ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു; എന്നാല്‍ ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അഭിമാനമുണ്ട്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജെ. പല്ലശ്ശേരി എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാന്ത്വനം. തെലുങ്ക് ചിത്രമായ സീതാരാമയ്യ ഗാരി മനവാരലു എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇത്. നെടുമുടി വേണു, മീന, ഭാരതി തുടങ്ങിയവരാണ് സാന്ത്വനത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. മോഹന്‍ സിത്താരയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘ഉണ്ണി വാവാവോ‘ എന്ന ഗാനം ഈ ചിത്രത്തിലേതാണ്. നടി മീനയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു സാന്ത്വനം. സാന്ത്വനം എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മീന. നിര്‍മാതാവ് ഔസേപ്പച്ചനാണ് സാന്ത്വനത്തിലഭിനയിക്കാന്‍ തന്നെ വിളിക്കുന്നതെന്നും അപ്പോള്‍ താന്‍ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിലായതുകൊണ്ട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും മീന പറയുന്നു.

എന്നാല്‍ ഇന്ന് ഔസേപ്പച്ചനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മലയാളത്തില്‍ സാന്ത്വനത്തെക്കാള്‍ നല്ല തുടക്കം ലഭിക്കാനില്ലെന്നും മീന വ്യക്തമാക്കി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന.

‘നിര്‍മാതാവ് ഔസേപ്പച്ചനാണ് സാന്ത്വനത്തിലഭിനയിക്കാന്‍ എന്നെ സമീപിച്ചത്. അന്ന് ഞാന്‍ തിരുപ്പതിയില്‍ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ആ സമയത്ത് തെലുങ്കില്‍ ഭയങ്കര തിരക്കിലായിരുന്നു. ഒരു അന്‍പത് ദിവസം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കാണെങ്കില്‍, അന്ന് തീരേ ഡേറ്റില്ല.

ഞാന്‍ പറഞ്ഞു ‘സാര്‍ ക്ഷമിക്കണം. ഒരു അഞ്ച് ദിവസം കൂടി ഡേറ്റുണ്ടാകുമോ എന്നറിയില്ല’ എന്ന്. പക്ഷേ, ഔസേപ്പച്ചന്‍ സാര്‍ വിടുന്ന മട്ടുണ്ടായില്ല. അദ്ദേഹം ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ത്തന്നെ ഒരു മുറിയെടുത്ത് താമസിച്ചു. മീന തന്നെ ചെയ്യണമെന്ന് അമ്മയോട് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഞാന്‍ പറഞ്ഞു, ‘താങ്കള്‍ പറയുന്ന ഡേറ്റില്‍ പറ്റില്ല, കുറച്ചുകൂടി കഴിഞ്ഞ് നോക്കാമോ?’ എന്ന്. അദ്ദേഹം സമ്മതിച്ചു. പക്ഷേ, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് സാന്ത്വനത്തിന്റെ ഭാഗമായതില്‍ അഭിമാനം തോന്നുന്നു. ഔസേപ്പച്ചന്‍ സാറിനോട് തിരാത്ത നന്ദിയുണ്ട്. മലയാളത്തില്‍ ഇതിലും നല്ല തുടക്കം ലഭിക്കാനില്ല. ‘ഉണ്ണീ വാവാവോ’ എന്ന പാട്ട് ഇന്നും ഒരുപാടാളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. നല്ല കഥാപാത്രമാണ് എനിക്ക് ലഭിച്ചത്. ഒരുപാട് കഴിവുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാനും സാധിച്ചു,’ മീന പറയുന്നു.

Content Highlight: Meena Talks About Her First Malayalam Movie Santhwanam

We use cookies to give you the best possible experience. Learn more