| Wednesday, 28th February 2024, 5:55 pm

ഏഴാം വയസില്‍ ഒറ്റയ്ക്ക് ബസില്‍ കയറി എവിടെയോ ചെന്നിറങ്ങി, അന്ന് രക്ഷക്കെത്തിയത് അവരാണ്: ആദ്യ ബസ് യാത്രയെ കുറിച്ച് മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ മീന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.

എങ്കെയോ കേട്ട കുറല്‍, അന്‍പുള്ള രജിനികാന്ത് എന്നീ ചിത്രങ്ങളില്‍ രജിനികാന്തിനൊപ്പവും മീന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ലാണ് മലയാളത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്.

പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന ചിത്രമായിരുന്നു മീനയുടെ ആദ്യ മലയാള സിനിമ. ഇപ്പോള്‍ ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി ബസില്‍ കയറിയതിനെ കുറിച്ച് സംസാരിക്കുകയാണ് മീന.

‘ഞാന്‍ എന്റെ ചെറുപ്പത്തില്‍ ഒരു തവണ ബസില്‍ കയറിയിരുന്നു. അന്ന് എനിക്ക് ആറോ എഴോ വയസായിരുന്നു എന്നാണ് ഓര്‍മ. അന്ന് എന്റെ വീട്ടില്‍ ഒരു ഹെല്‍പ്പര്‍ ഉണ്ടായിരുന്നു. അവരാണ് ദിവസവും വന്ന് ഓട്ടോയില്‍ എന്നെ കൂട്ടികൊണ്ട് പോകുന്നത്.

അങ്ങനെ ഒരു ദിവസം ഓട്ടോ ഉണ്ടായിരുന്നില്ല. അന്ന് ബസില്‍ തിരിച്ച് പോകാമെന്ന് വിചാരിച്ചു. ഞാന്‍ അന്ന് ആദ്യമായി ബസില്‍ പോകുന്നത് കൊണ്ട് ഒരുപാട് എക്‌സൈറ്റഡായിരുന്നു. നേരെ ബസ് സ്റ്റാന്‍ഡിലേക്ക് പോയി. പെട്ടെന്ന് ആരോ ബസ് വന്നെന്ന് പറഞ്ഞു. ഇതിനിടയില്‍ ബസിന്റെ നമ്പര്‍ നോക്കിയിരുന്നില്ല.

എന്റെ വീടിന് അടുത്തേക്ക് പോകുന്ന ബസിന്റെ നമ്പര്‍ 17സി ആയിരുന്നു. ഞാന്‍ കയറിയ ബസിന്റെ നമ്പര്‍ 17ഡിയാണ്. ബസില്‍ കുറച്ച് ദൂരം പോയപ്പോള്‍ അവര്‍ ലെഫ്റ്റിലേക്കെടുത്തു. ഞാന്‍ പെട്ടെന്ന് അയ്യോ നമ്മള്‍ നേരെയല്ലേ പോകേണ്ടതെന്ന് ചിന്തിച്ചു. പിന്നെ ആ ബസ് ചുറ്റിപോകുകയായിരിക്കുമെന്ന് കരുതി.

പക്ഷേ ആ ബസ് കുറേദൂരം പോയപ്പോള്‍ പേടിയായിട്ട് ഞാന്‍ ഒരു ചേച്ചിയോട് ഇത് വടപഴനിയില്‍ പോകുമോയെന്ന് ചോദിച്ചു. വടപഴനിയോ? അതെവിടെയാണ് എന്നായിരുന്നു തിരിച്ച് ചോദിച്ചത്. അതോടെ ഞാന്‍ പേടിച്ചു. അവിടെ ഇറങ്ങിയാല്‍ എങ്ങനെയാണ് തിരിച്ചു പോകേണ്ടതെന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു.

ആ സമയത്ത് ഒരു സ്ത്രീ അവര്‍ വടപഴനിക്കാണ് പോകുന്നതെന്ന് പറഞ്ഞു. അന്ന് എന്റെ കയ്യില്‍ തിരിച്ചു പോകാനുള്ള പൈസ പോലുമുണ്ടായിരുന്നില്ല. കറക്റ്റ് ചേഞ്ചുമെടുത്തായിരുന്നു പോയത്. ആ സ്ത്രീ എനിക്ക് വേണ്ടി ടിക്കറ്റെടുത്ത് വീടിന്റെ ബസ് സ്റ്റോപ്പില്‍ വിട്ടു. അപ്പോഴേക്കും അമ്മയൊക്കെ ഒരുപാട് പേടിച്ചിരുന്നു,’ മീന പറഞ്ഞു.


Content Highlight: Meena Talks About Her First Bus Journey

We use cookies to give you the best possible experience. Learn more