| Sunday, 25th February 2024, 9:26 am

ആ സിനിമ കണ്ട് ഇന്നും ജപ്പാനില്‍ നിന്നും മെസേജുകള്‍ വരും; ആളുകള്‍ വീടിന് മുന്നില്‍ നിന്നും ഫോട്ടോയെടുത്ത് പോകും: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.എസ്. രവികുമാര്‍ രചനയും സംവിധാനവും ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മുത്തു. മീനയും രജിനികാന്തും ഒന്നിച്ച ചിത്രം തേന്മാവിന്‍ കൊമ്പത്ത് എന്ന മലയാള സിനിമയുടെ റീമേക്കായിരുന്നു.

1998ല്‍ ചിത്രം മുത്തു ഒഡൊരു മഹാരാജ എന്ന പേരില്‍ ജാപ്പനില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ജാപ്പനീസ് ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്ന ചിത്രം 23.50 കോടി കളക്ഷനും നേടി. അന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറാന്‍ ഈ മുത്തുവിന് കഴിഞ്ഞിരുന്നു.

2022ല്‍ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും നായകന്മാരായെത്തി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ ജപ്പാനില്‍ റിലീസ് ചെയ്യുന്നത് വരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി തുടരാന്‍ മുത്തുവിന് സാധിച്ചിരുന്നു.

ചിത്രത്തിലൂടെ മീനക്കും രജിനികാന്തിനും ജപ്പാനില്‍ വലിയ ആരാധകരെ സൃഷ്ടിക്കാനും കഴിഞ്ഞു. ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് പറയുകയാണ് മീന. ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോഴും ‘മുത്തു’ സിനിമയെ കുറിച്ച് പറഞ്ഞ് ജപ്പാനില്‍ നിന്നും മെസേജുകള്‍ വരാറുണ്ട്. അവിടെ നിന്നും ആളുകള്‍ വരാറുണ്ട്. ഞാന്‍ ഇല്ലെങ്കിലും എന്റെ വീടിന്റെ മുന്നില്‍ നിന്നും ഒരു ഫോട്ടോ എടുത്തിട്ട് പോകും,’ മീന പറഞ്ഞു.

താന്‍ മുത്തു സിനിമ പൂര്‍ണമായും കാണുന്നത് ചിത്രം റീ റിലീസ് ചെയ്തപ്പോഴാണെന്നും അതിന് മുമ്പ് ആ സിനിമ മുഴുവനായി കണ്ട ഓര്‍മ തനിക്കില്ലെന്നും താരം പറയുന്നു. തിയേറ്ററില്‍ പേര് വന്നപ്പോള്‍ ആളുകള്‍ വിസിലടിയും ആഘോഷവുമായിരുന്നെന്നും ഇത്രകാലത്തിന് ശേഷവും മുത്തുവിന് ഇങ്ങനെ ഒരു സ്വീകാര്യതയുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മീന പറഞ്ഞു.

‘ഈ അടുത്താണ് ഞാന്‍ മുത്തു മുഴുവനായും കാണുന്നത്. അതും സിനിമ റീ റിലീസ് ചെയ്തപ്പോള്‍. അതുവരെ ഞാന്‍ അതിലെ പാട്ടുകളും ചില സീനുകളുമൊക്കെയാണ് കണ്ടത്. ആ സിനിമ മുഴുവനായി കണ്ട ഓര്‍മ എനിക്കില്ല. റീ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ അത് മുഴുവനായും തിയേറ്ററിലിരുന്ന് കണ്ടു.

ആ അനുഭവം വളരെ നന്നായി. തിയേറ്ററില്‍ പേര് വന്നപ്പോള്‍ തന്നെ ആളുകള്‍ വിസിലടിയും ആഘോഷവുമായിരുന്നു. ഇത്ര കാലത്തിന് ശേഷവും ആ സിനിമക്ക് ഇങ്ങനെ ഒരു സ്വീകാര്യത ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല,’ മീന പറയുന്നു.


Content Highlight: Meena Talks About Her Fans From Japan

We use cookies to give you the best possible experience. Learn more