രജിനി സാര്‍ തന്ന പൂവ് ഈസിയായി വലിച്ചെറിഞ്ഞു; ചോക്ലേറ്റ് തുപ്പാന്‍ പറഞ്ഞപ്പോള്‍ അത് ഞാന്‍ കഴിക്കാമെന്ന് പറഞ്ഞു: മീന
Film News
രജിനി സാര്‍ തന്ന പൂവ് ഈസിയായി വലിച്ചെറിഞ്ഞു; ചോക്ലേറ്റ് തുപ്പാന്‍ പറഞ്ഞപ്പോള്‍ അത് ഞാന്‍ കഴിക്കാമെന്ന് പറഞ്ഞു: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th February 2024, 8:24 am

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ മീന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.

ശേഷം ബാലതാരമായി ശിവാജി ഗണേശനൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ മീനക്ക് അവസരം ലഭിച്ചിരുന്നു. എങ്കെയോ കേട്ട കുറല്‍, അന്‍മ്പുള്ള രജിനികാന്ത് എന്നീ ചിത്രങ്ങളില്‍ രജിനികാന്തിനൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

അന്‍മ്പുള്ള രജിനികാന്തായിരുന്നു മീനയുടെ കരിയറിലെ വഴിത്തിരിവായ സിനിമ. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അന്‍മ്പുള്ള രജിനികാന്ത് എന്ന സിനിമയില്‍ രജിനികാന്ത് പൂവ് നല്‍കുമ്പോള്‍ ആ പൂവ് വലിച്ചെറിയുകയും മിഠായി തുപ്പികളയുകയും ചെയ്ത സീനിനെ പറ്റി പറയുകയാണ് മീന. ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘അത് സിനിമയല്ലേ. നമ്മള്‍ റിയലായി ചെയ്യുന്നില്ലല്ലോ. അവര് ഓടാനും കരയാനും ചിരിക്കാനും പറയുമ്പോള്‍ ചെയ്യുന്നത് പോലെ തന്നെയായിരുന്നു ആ സീനും ചെയ്തിരുന്നത്. അതില്‍ രജിനി സാര്‍ പൂവ് തന്നപ്പോള്‍ ഞാന്‍ വളരെ ഈസിയായി അത് വലിച്ചെറിഞ്ഞു.

ചോക്ലേറ്റ് തന്നിട്ട് അത് തുപ്പാന്‍ പറഞ്ഞു. അയ്യയ്യോ, ചോക്ലേറ്റോ. ചോക്ലേറ്റ് എങ്ങനെയാണ് തുപ്പുന്നത്. അത് ഞാന്‍ കഴിക്കാമെന്ന് പറഞ്ഞു. പിന്നെ ആ കഥാപാത്രത്തിന് വേണ്ടി ആ സീന്‍ ചെയ്ത ശേഷം അവര് എനിക്ക് വേറെ ചോക്ലേറ്റ് തന്നു,’ മീന പറഞ്ഞു.


Content Highlight: Meena Talks About Anbulla Rajinikanth Movie