|

ആദ്യമായി ലാലേട്ടന്റെ അഭിനയം കണ്ടപ്പോൾ അതിനെ അഭിനയമെന്ന് വിളിക്കാനല്ല എനിക്ക് തോന്നിയത്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകരുടെ ഇഷ്ട കോമ്പോയാണ് മോഹൻലാൽ – മീന. ഈ കൂട്ടുകെട്ട് ഒന്നിച്ച സിനിമകളെല്ലാം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ഉദയനാണ് താരം, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പിറന്നത് വലിയ ഹിറ്റുകളാണ്.

മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് മീന. മോഹൻലാൽ ഒരു ഇതിഹാസമാണെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്നും പുതിയ സിനിമ ആനന്ദപുരം ഡയറീസിന്റെ വാർത്ത സമ്മേളനത്തിൽ താരം പറഞ്ഞു.

‘ലാലേട്ടൻ ഒരു ഇതിഹാസമാണ്. എന്ത് വേഷം കൊടുത്താലും അദ്ദേഹം അത് എളുപ്പത്തിൽ ചെയ്യും. ഞാൻ വർണപ്പകിട്ടിലാണ് ആദ്യമായി ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. തമിഴും തെലുങ്കുമൊക്കെ ചെയ്താണ് ഞാൻ മലയാളത്തിൽ വരുന്നത്.

ആ സമയത്ത് ലാലേട്ടൻ അഭിനയിക്കുന്നത് കണ്ടപ്പോൾ വളരെ കൂളായിട്ടാണ് എനിക്ക് തോന്നിയത്. എങ്ങനെയാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നതെന്ന് ഞാൻ ആലോചിച്ചു. അതിനെ അഭിനയം എന്ന് വിളിക്കാൻ കഴിയില്ല എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്.

അദ്ദേഹം അഭിനയിക്കുന്നതിന്റെ ആ ഒഴുക്കും അദ്ദേഹം അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്നതും ലാലേട്ടന്റെ എക്സ്പ്രഷൻസും എല്ലാം ഞാൻ പതുക്കെ പതുക്കെ അദ്ദേഹത്തെ കണ്ട് പഠിച്ചതാണ്. അതെനിക്ക് ശരിക്കും പഠിക്കാനുള്ള ഒരു അവസരമായിരുന്നു. അന്നെനിക്ക് മലയാളത്തിൽ അറിയാത്ത വാക്കുകളൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു.

എവിടെ പറയണം, എവിടെ നിർത്തണം. അങ്ങനെ ഡയലോഗിലൊക്കെ അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാവരും ഞങ്ങളുടെ കെമിസ്ട്രിയെ പറ്റി ചോദിക്കാറുണ്ട്. പക്ഷെ അത് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല.

എനിക്ക് തോന്നുന്നത് ഞങ്ങൾ നല്ല കൂട്ടുകാർ ആയത് കൊണ്ടാണ് ആ കെമിസ്ട്രി വർക്ക്‌ ആവുന്നതെന്നാണ്,’മീന പറയുന്നു.

Content Highlight: Meena Talk About Mohanlal