അവർ രണ്ടുപേരും അതിന് നിർബന്ധിച്ചു; തുടക്കത്തിൽ അങ്ങനെ വിളിക്കാൻ ഞാൻ കംഫർട്ടബിൾ അല്ലായിരുന്നു: മീന
Entertainment
അവർ രണ്ടുപേരും അതിന് നിർബന്ധിച്ചു; തുടക്കത്തിൽ അങ്ങനെ വിളിക്കാൻ ഞാൻ കംഫർട്ടബിൾ അല്ലായിരുന്നു: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th February 2024, 1:52 pm

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ മീന അഭിനയിച്ചു. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം മീന അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് സംസാരിക്കുകയാണ് മീന.

മറ്റ് ഭാഷകളിലെല്ലാം താൻ താരങ്ങളെ സാർ എന്ന് ചേർത്താണ് വിളിക്കാറുള്ളതെന്നും എന്നാൽ മലയാളത്തിലേക്ക് എത്തിയപ്പോൾ
മോഹൻലാലും മമ്മൂട്ടിയും തങ്ങളെ സാർ എന്ന് വിളിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളതെന്നും മീന പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.

‘തമിഴിലും തെലുങ്കിലുമെല്ലാം എല്ലാവരെയും ഞാൻ സാർ എന്നാണ് വിളിക്കുന്നത്. എന്നാൽ മലയാളത്തിൽ മാത്രമാണ് ലാലേട്ടനാണെങ്കിലും മമ്മൂക്കയാണെങ്കിലും അവർക്ക് നിർബന്ധമുണ്ട് സാർ എന്ന് വിളിക്കരുതെന്ന്.
മമ്മൂക്കയെന്ന് വിളിക്കു, ലാലേട്ടായെന്ന് വിളിക്കു എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത് എന്നവരാണ് പറഞ്ഞത്.

ആദ്യം എനിക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ തുടക്കത്തിൽ എനിക്കത് ഒട്ടും കംഫർട്ടബിൾ അല്ലായിരുന്നു. കുറേ വട്ടം ഞാൻ സാറെന്ന് വിളിക്കും. പിന്നെ അവർ അങ്ങനെയല്ല വിളിക്കേണ്ടതെന്ന് പറയുമ്പോൾ സോറി ലാലേട്ടാ, സോറി മമ്മൂക്ക എന്ന് ഞാൻ പറയും. പിന്നെ അതൊരു ശീലമായി,’മീന പറയുന്നു.

Content Highlight: Meena Talk About Mammootty And Mohanlal