| Thursday, 18th April 2024, 3:50 pm

ആ കാരണത്താൽ ദൃശ്യം തേടി വന്നപ്പോൾ ചിത്രത്തിൽ അഭിനയിക്കണോയെന്ന സംശയമുണ്ടായിരുന്നു: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ മീന അഭിനയിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലേത്. 2021ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താരം അഭിനയിച്ചു.

എന്നാൽ മകൾ ജനിച്ച സമയമായത് കൊണ്ട് ദൃശ്യം തെരഞ്ഞെടുക്കണോയെന്ന കൺഫ്യൂഷൻ തനിക്കുണ്ടായിരുന്നുവെന്നും മോഹൻലാലും ജീത്തു ജോസഫുമെല്ലാമാണ് തനിക്ക് ധൈര്യം തന്നതെന്ന് മീന പറയുന്നു. മാതൃഭൂമിയുടെ സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു മീന.

‘സിനിമയിൽ നിന്ന് എനിക്ക് ഒരു വലിയ ഇടവേളയെടുക്കേണ്ടിവന്നിട്ടില്ല. വിവാഹം ഒന്നിനും തടസ്സമായിട്ടില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ ഒരു കന്നഡ സിനിമ ചെയ്തു. ടെവിവിഷൻ പരിപാടികളിലും സജീവമായിരുന്നു.

ഗർഭിണിയായതിനുശേഷവും മകളുടെ ജനനത്തിന് ശേഷവുമാണ് എനിക്ക് ഒരു ചെറിയ ഇടവേള വന്നത്. പക്ഷേ, സിനിമ എന്റെ ജോലിയും പാഷനുമാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനുശേഷമാണ് ദൃശ്യത്തിൽ അഭിനയിക്കാനുള്ള അവസരം വന്നത്. പക്ഷേ, മകൾ നന്നേ ചെറുതായതിനാൽ അഭിനയിക്കണോ വേണ്ടയോ എന്ന സംശയമുണ്ടായിരുന്നു. മകളുടെ അടുത്തുനിന്ന് മാറിനിൽക്കുന്നത് വലിയ സങ്കടമുള്ള കാര്യമായിരുന്നു.

പക്ഷെ, മോഹൻലാൽസാറും ആന്റണിസാറും ( ആന്റണി പെരുമ്പാവൂർ ) ജീത്തു സാറുമെല്ലാം എനിക്ക് നല്ല പിന്തുണ നൽകി. പരിമിതികൾക്കുള്ളിലും റാണി എന്ന കഥാപാത്രത്തെ ഒരുവിധം നന്നായി ചെയ്യാൻ സാധിച്ചു എന്നാണ് കരുതുന്നത്. സിനിമ വലിയ ഹിറ്റ് ആവുകയും ചെയ്തതോടെ വലിയ സന്തോഷമായി,’മീന പറയുന്നു.

Content Highlight: Meena Talk About Drishyam Movie

We use cookies to give you the best possible experience. Learn more