| Friday, 22nd March 2019, 1:29 pm

ഗവേഷകരുടെ വിഷയം ഇനി കേന്ദ്രം തീരുമാനിക്കും; വിദ്യാര്‍ഥി സംഘടനകളും അധ്യാപകരും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ലെന്ന് മീന ടി. പിള്ള

ജിന്‍സി ടി എം

കേന്ദ്രസര്‍വ്വകലാശാലകളില്‍ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നിരിക്കുകയാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഗവേഷണ മേഖലകളുടെ പട്ടിക സര്‍വ്വകലാശാല തന്നെ തയ്യാറാക്കുമെന്നും അതില്‍ നിന്ന് വിദ്യാര്‍ത്ഥി ഒരു വിഷയം തെരഞ്ഞെടുത്താല്‍ മതിയെന്നുമാണ് തീരുമാനം. ഗവേഷണത്തിന്റെ ലക്ഷ്യങ്ങളെ തന്നെ തകര്‍ക്കുന്ന ഈ ഉത്തരവില്‍ പ്രതിഷേധിച്ച് കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും ഡോ. മീന ടി. പിള്ള രാജിവെച്ചിരുന്നു.

കേന്ദ്രസര്‍വ്വകലാശാല പുറത്തിറക്കിയ ഉത്തരവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മീന പിള്ള ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു.

ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും രാജിവെക്കുന്നതിലേക്ക് നയിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ഏതു രീതിയിലാണ് കാണുന്നത്?

സ്വതന്ത്രമായി ചിന്തിക്കുകയും അക്കാദമിക് തലത്തില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി റിസര്‍ച്ച് ചെയ്യുകയും ചെയ്യാനുള്ള എല്ലാ സാധ്യതകളേയും ഇല്ലാതാക്കുന്ന ഒരു ഉത്തരവാണത്. കാരണം ദേശീയ മുന്‍ഗണന അനുസരിച്ചേ റിസര്‍ച്ച് ചെയ്യാന്‍ പാടുള്ളൂവെന്ന് പറയുമ്പോള്‍, ആരാണ് ഈ മുന്‍ഗണന തീരുമാനിക്കുന്നത്.

ഇന്ത്യപോലെ നാനാ മതസ്ഥരും പലതലത്തിലും തരത്തിലുമുള്ള ആള്‍ക്കാരും എല്ലാം ജീവിക്കുന്ന ഒരു സ്ഥലത്ത്, വളരെ സെക്യുലറായിട്ടുള്ള ഫാബ്രിക് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ദേശത്ത്, ആര് തീരുമാനിക്കും ആരുടെ താല്‍പര്യമാണ് ദേശീയ താല്‍പര്യമെന്ന്.

ഓരോ നിമിഷവും നമ്മള്‍ കുറേയധികം ആളുകളെ അന്യവത്കരിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരാണ്, ശത്രുക്കളാണ് എന്നു പറയുന്ന ഈ കാലത്ത്, ചില പ്രദേശങ്ങളില്‍ താമസിക്കുന്നവരെ, ചില ജീവിതചര്യങ്ങള്‍ പാലിക്കുന്നവരെ അന്യവത്കരിക്കുന്ന, ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ആരാണ് ദേശീയ മുന്‍ഗണന തീരുമാനിക്കുന്നത്.

രണ്ടാമതായി ഒരു സെക്യുലര്‍, ഡെമോക്രാറ്റിക് സ്പെയിസില്‍ നിന്നുകൊണ്ടേ ഏതൊരു നല്ല റിസര്‍ച്ചും സാധ്യമാവുകയുള്ളൂ. ഇത് പൂര്‍ണമായും അട്ടിമറിക്കുന്നതാണ് പുതിയ ഉത്തരവ്. ഒരു സെറ്റ് ഓഫ് പ്രോജക്ട് എന്നാണ് അവര് പറഞ്ഞിരിക്കുന്നത്. അതായത് ഒരു കമ്മിറ്റി കൂടി ഒരു സെറ്റ് ഓഫ് പ്രോജക്ട് നല്‍കിയിട്ട് കുട്ടികള്‍ ആ വിഷയത്തില്‍ മാത്രമേ റിസര്‍ച്ച് നടത്താന്‍ പാടുള്ളൂവെന്നാണ് പറയുന്നത്.

ഓരോ തലമുറയും അവരുടെ തൊട്ടുമുമ്പത്തെ തലമുറയേക്കാള്‍ മികച്ച ബൗദ്ധിക നിലവാരം പുലര്‍ത്തുന്നവരാണ്. അപ്പോള്‍ അവരെ വിലകുറച്ചു കണ്ടുകൊണ്ട്, നിങ്ങള്‍ എന്ത് റിസര്‍ച്ച് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കാമെന്ന് പറയുമ്പോള്‍ അത് സ്വതന്ത്രമായ സ്പെയ്സിനകത്ത് ഒരു ഫ്യൂഡല്‍ സ്പെയ്സ് കൊണ്ടുവരികയാണ്.

ഗവേഷണത്തിന്റെ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കുന്നതല്ലേ ഈ തീരുമാനം?

എല്ലാറ്റിനേയും അട്ടിമറിക്കുന്നതാണ്. സ്വതന്ത്രമായി ചിന്തിക്കാനും ഞാനിതിനോട് വിയോജിക്കുന്നു എന്നു പറയാനും പറ്റാത്ത ഒരു തലമുറ എന്തിനാണ്. നമ്മുടെ ചെറുപ്പക്കാരുടെ ചിന്താശക്തിയെ തന്നെ തകര്‍ക്കുകയാണ്. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാമെങ്കില്‍ മാത്രം നിങ്ങള്‍ റിസര്‍ച്ച് ചെയ്താല്‍ മതിയെന്നു പറയുമ്പോള്‍ നമ്മള്‍ ഇനിയുള്ള തലമുറയിലെ കുട്ടികളെ പറ്റി എന്താണ് കരുതിയിരിക്കുന്നത്?

പത്ത് ഇരുപത്തിരണ്ട് വയസുള്ള ചെറുപ്പക്കാരുടെ മൗലികമായ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. വോട്ടവകാശമുള്ള പൗരന്‍ അല്ലെങ്കില്‍ പൗരയല്ലേ റിസര്‍ച്ചിന് വരുന്നത്. അവര്‍ക്ക് ചിന്തിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും കഴിയില്ലയെന്ന് യൂണിവേഴ്സിറ്റിയിലെ അധ്യാപകന് അധ്യാപികയ്ക്ക് എങ്ങനെ പറയാന്‍ പറ്റുന്നു?

ഒരു ഭിന്നസ്വരമുയരാനുള്ള എല്ലാ സാധ്യതകളും നമ്മള്‍ ഇല്ലാതാക്കുകയാണ്. റിസര്‍ച്ച് എന്നുപറഞ്ഞാല്‍ ബഹുസ്വരതയാണ്. അതിനുള്ള എല്ലാ സാധ്യതകളും അടയ്ക്കുന്ന അങ്ങേയറ്റം ഫാഷിസ്റ്റായ ഒരു നയമാണത്. ഇത് നമ്മുടെ വിദ്യാഭ്യാസത്തിന് യാതൊരു തരത്തിലുള്ള ഗുണവും ചെയ്യില്ല.

പബ്ലിക് യൂണിവേഴ്സിറ്റികളെ സിസ്റ്റമാറ്റിക്കായി തകര്‍ത്തുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാമാണിത്. ഏറ്റവും മൗലികമായ റിസര്‍ച്ച് നടത്തുന്ന പല യൂണിവേഴ്സിറ്റികളും അടച്ചുപൂട്ടാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്.

അതിന് ഞാനൊരു ശക്തിയേ മാത്രം കുറ്റം പറയുന്നില്ല. അതിന് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ട്. കമ്പോള, നവലിബറല്‍, സ്വകാര്യവത്കരണ അജണ്ടകളുമുണ്ട്. ഇതൊക്കെ ചേര്‍ന്ന് ഇത്തരം യൂണിവേഴ്സിറ്റികളെ ഒരുവശത്ത് തകര്‍ക്കുകയാണ്. ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളെന്നു പറഞ്ഞാല്‍ ഒരു പരിധിവരെ ഇവിടെ കമ്പോളവും കൂടിയാണ്. കൂടുതല്‍ ശക്തിയുള്ള ഒരൂകൂട്ടം എന്ന് ഞാന്‍ പറയുന്നില്ല, അത് ചിലപ്പോള്‍ ഫണ്ടമെന്റലായിട്ടുള്ള ചില ശക്തികളാവാം, കമ്പോളമാവാം.

ആരുടെ കീഴിലാണോ ഭരണകൂടമുള്ളത് അവര്‍ക്ക് കുടപിടിക്കുന്ന തരത്തിലുള്ള റിസര്‍ച്ചുകളേ ഇനി ഇവിടെ നടക്കുകയുള്ളൂവെന്നു പറയുമ്പോള്‍ ഇവിടെ അക്കാദമിക് രംഗത്തുള്ളവര്‍ മാത്രമല്ല പ്രതിഷേധിക്കേണ്ടത്. നമ്മുടെ പൊതുസമൂഹം ഒട്ടുക്കും പ്രതിഷേധിക്കേണ്ടതുണ്ട്.

എന്റെ രാജിയെന്നു പറയുന്നത് വളരെ ചെറിയൊരു പ്രതിഷേധമാണ്. പക്ഷേ ഒരു സമൂഹം മുഴുവന്‍ പ്രതിഷേധിക്കേണ്ട വിഷയമാണിത്. ഇന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയെങ്കില്‍ നാളെ യു.ജി.സി കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളെയാവും ലക്ഷ്യമിടുക. യു.ജി.സി പറയും, നിങ്ങള്‍ക്ക് ഞങ്ങളുടെ ഫണ്ട് വേണമെങ്കില്‍ ഞങ്ങള്‍ പറയുന്ന ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങള്‍ മാത്രം നിങ്ങള്‍ റിസര്‍ച്ച് ചെയ്താല്‍ മതി അല്ലെങ്കില്‍ ഫണ്ട് നല്‍കില്ലയെന്നു പറയും. ഇന്ന് നമ്മള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ ആ അവസ്ഥയിലെത്തുമ്പോള്‍ പ്രതിഷേധമില്ലാതിരിക്കും. എത്രമാത്രം നമ്മള്‍ പ്രതിഷേധിക്കുമെന്നുള്ളതിന്റെ ടെസ്റ്റ് ഡോസാണ് ഇതെന്നാണ് എനിക്കു തോന്നുന്നത്.

ലോകത്തെല്ലായിട്ടും സ്വേച്ഛാധിപത്യം വരുന്നതിന് മുന്നോടിയായിട്ട് സ്വതന്ത്രമായിട്ടുള്ള ചിന്തകളെയാണ് തകര്‍ക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉയരുന്നുണ്ടോ?

എനിക്കറിയില്ല. വിദ്യാര്‍ത്ഥി സംഘടനകളാരും എന്നെ ബന്ധപ്പെട്ടിട്ടില്ല. പ്രതിഷേധിക്കേണ്ടതാണ്. റിസര്‍ച്ച് എന്നു പറയുന്നത് ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് വളരെ ചെറിയ ശതമാനം കുട്ടികള്‍ ഏര്‍പ്പെടുന്ന മേഖലയാണ്. പക്ഷേ ഇതിന്റെ ദൂരവ്യാപകമായ ഒരു പ്രത്യാഘാതം ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. ആദ്യം റിസര്‍ച്ച് എന്ന് പറയും. അത് കഴിഞ്ഞ് വിദ്യാഭ്യാസരംഗത്തേക്ക് വരും. ഇപ്പോള്‍ മാറുമറയ്ക്കല്‍ സമരം എന്‍.സി.ആര്‍.ടി ടെസ്റ്റ്ബുക്കില്‍ നിന്ന് എടുത്തുകളഞ്ഞു. ചരിത്രം പതുക്കെ മായ്ക്കുന്നത് നമ്മുടെ കണ്‍മുന്നില്‍ നമുക്ക് കാണാന്‍ പറ്റും.

ഇത്തരം കാര്യങ്ങള്‍ ആര് പഠിക്കും. മാറുമറയ്ക്കല്‍ സമരത്തെക്കുറിച്ച് എന്റെ ഒരു വിദ്യാര്‍ഥി റിസര്‍ച്ച് ചെയ്യുകയാണ്. നാളെ അവളോട് അത് റിസര്‍ച്ച് ചെയ്യേണ്ട കാര്യമില്ല, മുന്‍ഗണന വിഷയം അല്ല എന്നു പറഞ്ഞാല്‍ എന്ത് ചെയ്യും? കേരളത്തിലെ 19 നൂറ്റാണ്ടിലെ വസ്ത്രം അല്ലെങ്കില്‍ ഭക്ഷണം അല്ലെങ്കില്‍ സ്ത്രീകളുടെ പ്രക്ഷോഭങ്ങള്‍ , ദളിതരുടെ ജീവിതം, അതൊക്കെ നാഷണല്‍ പ്രയോറിറ്റി അല്ല എന്നു പറഞ്ഞാല്‍ എങ്ങനെയാണ് നമ്മളതിന് മറുപടി കൊടുക്കാന്‍ പോകുന്നത്. അത്തരം വിജ്ഞാന മേഖലകളിലേക്കൊന്നും നമുക്ക് പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും.

ഇന്ത്യയിലെ അക്കാദമിക ഗവേഷണങ്ങള്‍ നിലവില്‍ വ്യാപകമായ മൂല്യച്യുതി നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ഫണ്ട് അനുവദിച്ച് ഗവേഷണത്തിന്റെ മൂല്യം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാവുന്നുണ്ടോ?

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് അതിന് പരിമിതികളുണ്ട്. കുറേയൊക്കെ അവര് ഇന്‍ക്രീസ് ചെയ്തിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ വളരെ വ്യക്തമായി വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ഇട്ടുകൊടുക്കേണ്ട അവസ്ഥയും കൂടിയാണ്. ചിന്തിക്കുന്ന, വിയോജനം രേഖപ്പെടുത്തുന്ന കുട്ടികളെ വേണ്ട എന്നുള്ളത് ഒരര്‍ത്ഥത്തില്‍ ഒരു മാര്‍ക്കറ്റ് ഫോര്‍മുലയാണ്. റിസര്‍ച്ചിന് കൂടുതല്‍ പണം തീര്‍ച്ചയായും അനുവദിക്കണം. പക്ഷേ എന്തുതരം റിസര്‍ച്ച് എന്ന് തീരുമാനിക്കുന്നത് അതിന്റെ കൂട്ടത്തില്‍ ഒരു ചട്ടമായി വരികയാണെങ്കില്‍ അങ്ങനെ പണം അനുവദിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

വിദ്യാഭ്യാസ രംഗത്തെ കേന്ദ്രസര്‍ക്കാറിന്റെ അമിതമായ ഇടപെടലുകള്‍ക്കെതിരെ വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും വേണ്ടരീതിയില്‍ പ്രതിഷേധം ഉയരുന്നുണ്ടോ?

എനിക്ക് തോന്നുന്നത് ഉയരുമെന്നാണ്. അധ്യാപക സംഘടനകള്‍ പറഞ്ഞത് അവരുടെ അസോസിയേഷനുകളും മറ്റും ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്, പ്രതിഷേധങ്ങളുണ്ടാവുമെന്നാണ്. അങ്ങനെയൊരു പ്രതിഷേധമുയരട്ടെയെന്നാണ് ഞാന്‍ പറയുന്നത്. ഇത് ആരും ശ്രദ്ധിക്കാതെ പോയി എന്ന് തോന്നിയപ്പോഴാണ് ഞാന്‍ രാജിക്കു മുതിര്‍ന്നത്. അങ്ങനെയെങ്കിലും ഇത് ചര്‍ച്ചയാവട്ടെയെന്ന് കരുതി. എനിക്കു തോന്നുന്നത് കുറച്ചുപേര്‍ക്കിടയിലെങ്കിലും ഇത് ചര്‍ച്ചയാക്കിയിട്ടുണ്ടെന്നാണ്.

ഇപ്പോഴത്തെ ഉത്തരവിന്റെ വിഷയത്തില്‍ മാത്രമല്ല, ഏറ്റവുമൊടുവിലായി എന്‍.സി.ആര്‍.ടി ടെസ്റ്റ് ബുക്കില്‍ നിന്നും മാറുമറക്കല്‍ സമരത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയിരുന്നല്ലോ. അത്തരം സാഹചര്യത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ടോ?

പൊതുവെ കുറവാണ്. ഫണ്ടിങ്ങും മറ്റ് കാര്യങ്ങളുമായിട്ട് വിദ്യാഭ്യാസം ഒരു പരിധിവരെ മെരുക്കാന്‍ ഭരണകൂടത്തിന് വളരെ എളുപ്പത്തില്‍ പറ്റിയിട്ടുണ്ട്. പക്ഷേ അവിടെയാണ് റിസര്‍ച്ച് കൂടുതല്‍ പ്രധാനമാകുന്നത്. ആറാം ക്ലാസിലെ അല്ലെങ്കില്‍ ഒമ്പതാം ക്ലാസിലെ ടെസ്റ്റ് ഇനി എടുത്തുകളഞ്ഞാലും ഗവേഷണ രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ പഠിക്കാന്‍ നമുക്ക് ആരുടെയും അനുവാദം വേണ്ടായിരുന്നു. ഇനി അവിടെയും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നതാണ് ഞാന്‍ പറയുന്നത്.

അപ്രസക്ത വിഷയത്തിലുള്ള ഗവേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിനാണ് ഈ നീക്കമെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. അതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നുണ്ടോ?

അപ്രസക്തം എന്ന് എങ്ങനെ തീരുമാനിക്കും. ഏതാണ് അപ്രസക്തം. അട്ടപ്പാടിയില്‍ ഒരു ആദിവാസിയുടെ ചരിത്രം രേഖപ്പെടുത്തുന്നത് അപ്രസക്തമാണോ? ഏതാണ് അപ്രസക്ത ജീവിതങ്ങള്‍? ആരാണ് പ്രസക്തം അപ്രസക്തം എന്നുളളത് തീരുമാനിക്കുന്നത്? ഏറ്റവും സൂഷ്മമായിട്ട് ഏറ്റവും ചെറിയ കാര്യങ്ങളെപ്പറ്റിപ്പോലും പഠിക്കുന്നതിനാണ് പലപ്പോഴും റിസര്‍ച്ച് ചെയ്യുന്നത്. അത് ചെറിയ ഒരു കീടാണു ആയിരിക്കാം, തീര്‍ത്തും അപ്രസക്തമെന്ന് ലോകത്തിന് തോന്നുന്ന ഒരു കാര്യമായിരിക്കാം. പക്ഷേ അതിന് വേറെ ചില പ്രസക്തികളുണ്ടാവും. അപ്പോള്‍ പ്രസക്തം അപ്രസക്തം എന്ന് തീരുമാനിക്കുന്നത് തന്നെ അങ്ങേയറ്റം ഫാഷിസ്റ്റായിട്ടുള്ള ഒരു പ്രവണതയല്ലേ. നിങ്ങളുടെ ജീവിതം അപ്രസക്തമാണെന്ന് നാളെ നമ്മളോട് പറയുകയാണെങ്കില്‍ എങ്ങനെയിരിക്കും? ഇന്ത്യയില്‍ കേരളം അപ്രസക്തമാണ് എന്ന് പറഞ്ഞാലോ, മലയാളം എന്ന ഭാഷ അപ്രസക്തമാണ് എന്ന് പറഞ്ഞാലോ? ആദിവാസിയുടെ ചരിത്രം അപ്രസക്തമാണ്, മാറുമറയ്ക്കല്‍ സമരം അപ്രസക്തമാണ് എന്നൊക്കെയല്ലേ ഇപ്പോള്‍ പറയുന്നത്.

രാജിക്കപ്പുറം മറ്റേതെങ്കിലും തരത്തിലുള്ള പരാതികളുമായോ പ്രതിഷേധങ്ങളുമായോ മുന്നോട്ടുപോകാന്‍ ആലോചനയുണ്ടോ?

പരാതി കൊടുക്കാന്‍ ഒരു ഫോറമില്ല. സംഘടനാ തലത്തില്‍ പ്രതിഷേധം രൂപപ്പെടുത്താനോ സിവില്‍ സമൂഹത്തിന് ഒരു പ്രതിഷേധം രേഖപ്പെടുത്താനോ ഒക്കെയേ പറ്റുന്നുള്ളൂ. കാരണം ഫണ്ടിങ് ഏജന്‍സി യു.ജി.സിയാണ്. യു.ജി.സിയോട് ഏതൊക്കെ തരത്തില്‍ നമുക്ക് കലഹിക്കാന്‍ പറ്റും, പ്രതിഷേധിക്കാന്‍ പറ്റും എന്നൊക്കെയുള്ളത് വിശാലമായ ചര്‍ച്ചകളില്‍ കൂടി മാത്രം വരേണ്ട കാര്യമാണ്. സ്റ്റേറ്റിന് വളരെ സ്‌ട്രോങ്ങായിട്ട് പ്രതിഷേധിക്കാന്‍ പറ്റുന്നത് അധ്യാപക സംഘടനകളില്‍ കൂടിയും വിദ്യാര്‍ത്ഥി സംഘടനകളില്‍ കൂടിയുമാണ്. അത്തരം മെമ്മോറാണ്ടങ്ങളും പെറ്റീഷനുകളും വിയോജിപ്പുകളും പ്രതിഷേധങ്ങളുമൊക്കെ ഈ വിഷയത്തില്‍ നടക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നടക്കുമെന്നാണ് പ്രതീക്ഷ

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more