| Sunday, 25th February 2024, 9:47 pm

ബുര്‍ഖ ധരിച്ച് ചാര്‍മിനാറിന്റെ അടുത്തുള്ള കടയില്‍ പോയി വിലപേശിയിട്ടുണ്ട്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. 1982ല്‍ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 45ഓളം സിനിമകളില്‍ താരം ബാലതാരമായി അഭിനയിച്ചു. 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായും അരങ്ങേറി. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 150ഓളം സിനിമകളില്‍ താരം അഭിനയിച്ചു. ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസാണ് താരത്തിന്റെ പുതിയ ചിത്രം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ വന്ന സമയത്തെ അനുഭവങ്ങള്‍ താരം പങ്കുവെച്ചു. സിനിമയില്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ വന്നതാണെന്നും അത് കഴിഞ്ഞ് നായികയായ ശേഷം ചെല്ലുന്ന സ്ഥലത്തൊക്കെ ആളുകള്‍ തിരിച്ചറിയാറുണ്ടായിരുന്നെന്നും, ആദ്യ കാലങ്ങളില്‍ ചെറിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടായെന്നും, സൗത്ത് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും അതായിരുന്നു അവസ്ഥയെന്നും താരം പറഞ്ഞു. ചെറിയ പ്രായത്തിലേ സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും സാക്രിഫൈസ് ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഒരിക്കലും പ്രോപ്പറായിട്ടുള്ള നോര്‍മല്‍ ലൈഫ് എനിക്ക് ഉണ്ടായിട്ടില്ല. ചെറുപ്പം മുതലേ ഒരു സെലിബ്രിറ്റി ചൈല്‍ഡ് എന്ന രീതിയിലായിരുന്നു ജീവിതം. എവിടെപ്പോയാലും പ്രൈവസി എന്നത് കിട്ടിയിട്ടില്ല. പുറത്തുപോകാനോ, സുഹൃത്തുക്കള്‍ക്കൊപ്പം പോകാനോ, നോര്‍മല്‍ ഷോപ്പിങ് നടത്താനോ ഒന്നും അവസരമുണ്ടായിരുന്നില്ല. പക്ഷേ അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. പെട്ടെന്ന് പോയി ഓരോ സാധനം വാങ്ങിയിട്ട് വരും. അയ്യോ, ഇത് മീനയാണോ എന്ന് ആള്‍ക്കാര്‍ ആലോചിക്കുമ്പോഴേക്ക് ഞാന്‍ ഷോപ്പിങ് കഴിഞ്ഞ് വരും.

സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ചതുകൊണ്ട് ഒരു സ്റ്റേറ്റിലും പ്രൈവസി കിട്ടിയിട്ടില്ല. ഇന്‍ ഫാക്ട്, ഒരു തവണ ഹൈദരാബാദില്‍ ചാര്‍മിനാറിന്റെയടുത്ത് മുസ്‌ലിം കമ്മ്യൂണിറ്റിയിലുള്ള ആളുകള്‍ ധാരാളമുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു ബുര്‍ഖയൊക്കെ ഇട്ട് ചാര്‍മിനാറിനടുത്തുള്ള എല്ലാ കടയിലും കയറി വിലപേശി സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അങ്ങനെ വിലപേശി വാങ്ങുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷേ നമ്മള്‍ സാധാരണ പോകുന്ന പോലെ പോയി വിലപേശിയാല്‍ അവര്‍ വിചാരിക്കും, ഇത്ര വലിയ ആര്‍ട്ടിസ്റ്റ് എന്തിനാ ഇങ്ങനെ വിലപേശുന്നതെന്ന്. അതുകൊണ്ടാണ് ഞാന്‍ ബുര്‍ഖയിട്ടിട്ട് പോയി വിലപേശി സാധനങ്ങള്‍ വാങ്ങിയത്,’ മീന പറഞ്ഞു.

Content Highlight: Meena shares her unforgettable moments in beginning of career

We use cookies to give you the best possible experience. Learn more