ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിൽ മീന മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിരുന്നപ്പോൾ മമ്മൂട്ടിക്കൊപ്പവും രജിനികാന്തിനൊപ്പവും സിനിമ ചെയ്ത ഓർമകൾ പങ്കുവെക്കുകയാണ് മീന. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ചെറുപ്പത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ രജിനികാന്ത് സാറിനൊപ്പം അഭിനയിച്ച അൻപുള്ള രജിനികാന്ത് വളരെ സ്പെഷ്യലാണ്. രജിനികാന്ത് സാർ, അംബിക മാം എന്നിവരായിരുന്നു അതിലെ അഭിനേതാക്കൾ. എന്നാലും എന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ട് പോവുന്നത്.
കെ.നടരാജ് സാറായിരുന്നു സംവിധായകൻ. ഇപ്പോഴും ഞാനെവിടെപ്പോകുമ്പോഴും ‘അൻപുള്ള രജിനികാന്തി’നെക്കുറിച്ച് ആളുകൾ സംസാരിക്കും. അതിലെ “മുത്തുമണി ചുടരേ” എന്ന പാട്ട് ഏറെ പ്രിയപ്പെട്ടതാണ്. ഇളയരാജസാർ ചിട്ടപ്പെടുത്തി യേശുദാസ് സാർ പാടിയ പാട്ടാണ്. ഇന്നാണ് ഞാനതിന്റെ വില മനസ്സിലാക്കുന്നത്.
ഒരുദിവസം മമ്മൂക്ക ഒരു ഫോട്ടോ കാണിച്ചുതന്ന്, ഇതോർമയുണ്ടോ എന്ന് ചോദിച്ചു. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച ‘ഒരു കൊച്ചുകഥ, ആരും പറയാത്ത കഥ’യിലെ ഫോട്ടോയായിരുന്നു. അതിൽ ഞാൻ ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്. ഊട്ടിയിലായിരുന്നു ചിത്രീകരണം. അവിടെ ഒരുപാട് കുട്ടികളുണ്ടായിരുന്നു. ഷൂട്ടിങ്ങില്ലാത്തപ്പോൾ അവർക്കൊപ്പം കളിച്ചിരിക്കുമായിരുന്നു,’മീന പറയുന്നു.
Content Highlight: Meena Shares A Memory With Mammootty