ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. 1982ല്‍ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 45ഓളം സിനിമകളില്‍ താരം ബാലതാരമായി അഭിനയിച്ചു. 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായും അരങ്ങേറി. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 150ഓളം സിനിമകളില്‍ താരം അഭിനയിച്ചു. ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസാണ് താരത്തിന്റെ പുതിയ ചിത്രം.
വര്‍ണപ്പകിട്ട്, കുസൃതികുറുപ്പ്, ഫ്രണ്ട്സ്, ഒളിമ്പിയന്‍ അന്തോണി ആദം, ഡ്രീംസ്, ദൃശ്യം, കഥ പറയുമ്പോള്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കഥ പറയുമ്പോളിന്റെ തമിഴ് റീമേക്കിലും ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിച്ചിരുന്നു. രജിനികാന്ത്, പശുപതി എന്നിവര്‍ അഭിനയിച്ച് കുസേലന്‍ എന്ന പേരിലാണ് കഥ പറയുമ്പോളിന്റെ തമിഴ് റീമേക്ക് പുറത്തിറങ്ങിയത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം താരം പങ്കുവെച്ചു. ആനന്ദപുരം ഡയറീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മീന ഇക്കാര്യം പറഞ്ഞത്. കഥ പറയുമ്പോള്‍ എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിച്ച അനുഭവം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘കഥ പറയുമ്പോളിന്റെ തമിഴ് റീമേക്ക് വല്ലാതെ ഡിഫറന്റ് ആയിരുന്നു. അവര്‍ പറഞ്ഞ കഥ ഒന്നും, ചെയ്തത് വേറെ ഒന്നും ആണെന്ന് തോന്നിപ്പോയി. സ്‌ക്രിപ്റ്റില്‍ ഒരുപാട് ചെയ്ഞ്ചസ് വരുത്തിയിട്ടുണ്ടായിരുന്നു. കഥ പറയുമ്പോള്‍ റീമേക്ക് തന്നെയാണോ എന്ന് തോന്നിപ്പോയി എനിക്ക്. അവര്‍ ആ കഥയുടെ എസ്സെന്‍സ് മാത്രമേ എടുത്തുള്ളൂ. ഞാന്‍ അതില്‍ അത്ര ഹാപ്പിയായിരുന്നില്ല.
കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ ത്രൂ ഔട്ട് ആയി ഒരുപാട് ഇമോഷനുകള്‍ ഉണ്ട്. ആദ്യം മുതല്‍ അവസാനം വരെ അവരുടെ ഫ്രണ്ട്ഷിപ്പും അവരുടെ ഇമോഷന്‍സും വളരെ ബ്യൂട്ടിഫുള്‍ ആയിട്ടുണ്ടായിരുന്നു. തമിഴില്‍ ചെയ്തപ്പോള്‍ അത് മിസ്സായിപ്പോയി. കുറെ കൊമേഴ്‌സ്യല്‍ കാര്യങ്ങള്‍ എല്ലാം വന്നതുകൊണ്ട് ഞാന്‍ അതില്‍ അത്ര ഹാപ്പിയല്ലായിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍ പറ്റും,’ മീന പറഞ്ഞു.
Content Highlight: Meena share the experience of acting in remake of Kadha Parayumbol movie