|

എന്റെ വീട്ടില്‍ വരുന്നവരെ തടയാന്‍ ഒരു പൊലീസിനും പട്ടാളത്തിനും അവകാശമില്ല; പൊട്ടിത്തെറിച്ച് മീന ശാന്തിവനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശാന്തിവനത്തെ സമരപ്പന്തലിലേക്ക് എത്തിച്ചേര്‍ന്ന ആളുകളെ തടഞ്ഞ പൊലീസ് നടപടിക്കെതിരെ പൊട്ടിത്തെറിച്ച് മീന മേനോന്‍.

കെ.എസ്.ഇ.ബിക്കെതിരെ സമരം ചെയ്യുന്ന മീനശാന്തിവനത്തിന്റെ വീട്ടിലേക്ക് എത്തിയവരെ തടഞ്ഞ പൊലീസ് നടപടിക്കെതിരെയായിരുന്നു ഇവര്‍ പ്രതികരിച്ചത്.

തന്റെ വീടിന്റെ നട വഴി അടയ്ക്കാന്‍ പൊലീസിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്നും പൊലീസല്ല പട്ടാളമായാലും അത്തരമൊരു അവകാശം അവര്‍ക്കില്ലെന്നും മീന ശാന്തിവനം പ്രതികരിച്ചു.

”ഈ അന്യായത്തെയല്ലേ അവര്‍ക്ക് സംരക്ഷിക്കേണ്ട ആവശ്യമുള്ളൂ, അവര്‍ അതിനെ പ്രൊട്ടക്ട് ചെയ്യട്ടേ. ഇവിടെ ആരെങ്കിലും അക്രമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവരെ തടയട്ടെ. അല്ലാതെ എന്റെ വീടിന്റെ നടവഴി അടയ്ക്കാന്‍ ഒറ്റയൊരുത്തനും അവകാശമില്ല. പൊലീസായും പട്ടാളമായാലും ഇല്ല. എന്റെ വീടിന്റെ നടവഴി എനിക്ക് അവകാശപ്പെട്ടതാണ്. ഇവിടെ വരേണ്ടവര്‍ക്ക് വരാം. തടഞ്ഞുകഴിഞ്ഞാല്‍ അത് നിയമവിരുദ്ധമാണ്”- മീന പറഞ്ഞു.

ഇത്രയും കാലം ഇത് സംരക്ഷിച്ചിട്ട് ഞാന്‍ എന്തുനേടി? ഇത് നശിപ്പിക്കാനല്ലേ അവര്‍ ശ്രമിക്കുന്നത്. ജൂണ്‍ 5 ന് കുറേ തൈകളും കൊണ്ട് നടക്കുന്നത് കാണാം. ഇവിടെ ഉള്ള മരങ്ങള്‍ ചവിട്ടിയരക്കുന്നു. അതിന് ചൂട്ട് പിടിക്കുന്നത് സര്‍ക്കാരും ഉദ്യോഗസ്്ഥരുമാണ്. 40000 പേര്‍ക്ക് വൈദ്യുതി എത്തിക്കാന്‍ നേരെ പോകണം. കാശുകാരന്റെ പറമ്പ് കണ്ടപ്പോള്‍ വികസനം എന്തുകൊണ്ടാണ് വളഞ്ഞുപോകുന്നത്?

നേരെ പോയാല്‍ ചെറായിലേക്കുള്ള വൈദ്യുതി വേഗം എത്തും. ഈ വികസന പദ്ധതി വൈകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അത് വളച്ചുകൊണ്ടുപോയവരാണ്. അല്ലാതെ ഞാനല്ല.

നേരെ പോകേണ്ട വഴി ഇതല്ലെന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാം. അതുകൊണ്ട് തന്നെയാണ് ഇത്രയും ജനം കൂടെ നില്‍ക്കുന്നത്. വൈദ്യുതി മന്ത്രി ഇവിടെ വന്ന് അതൊന്നു കാണൂ. അദ്ദേഹത്തിന് ഈ അന്യായം മനസിലായിട്ടില്ല. അദ്ദേഹത്തെ കെ.എസ്.ഇ.ബിക്കാരും സര്‍വമാന ഉദ്യോഗസ്ഥരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

അദ്ദേഹം ഒരു സാധാരണക്കാരന്റെ മന്ത്രിയാണ്. അദ്ദേഹം സാധാരണക്കാരനൊപ്പം നില്‍ക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഞാനും ഒരു സാധാരണക്കാരിയാണ്. അദ്ദേഹത്തിന് ഈ പ്രശ്‌നം മനസിലാകുമെന്ന് തന്നെയാണ് വിശ്വാസം. ഒരു പ്രാവശ്യമെങ്കിലും സഖാവ് ഇവിടെ വരൂ, ഇവിടെ വന്ന് ഈ സ്ഥലമൊന്ന് കാണൂ. ഇവിടെ നടന്ന അന്യായമൊന്ന് കാണൂ.. എന്നിട്ട് പറയൂ. – മീന ശാന്തിവനം പറയുന്നു.

ഒരു കാര്യവുമില്ലാതെ അവിടുന്ന് വരുവന്നവരെ തടയുകയാണെന്നും ഇത് എന്ത് നോണ്‍സണ്‍സ് ആണെന്നുമാണ് സമരസമിതി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിയുമായ ദിവ്യ അല്‍മിത്ര ചോദിക്കുന്നത്.

” ഇതൊരു വീടല്ലേ, ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്കെതിരെ ഒന്നും ചെയ്യുന്നില്ലല്ലോ. സമാധാനപരമായി അവിടെ ഇരുന്ന് സമരം ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് നാണമില്ലേ… ഉളുപ്പില്ലേ?

ഇത്രയും സമാധാനപരമായി നടക്കുന്ന സമരം നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്തൊരു ലോകമാണ് ഇത്. ഒരു അമ്മയും മകളും ഇവിടെ ഇരുന്ന് സമരം ചെയ്യുന്നു. ഇവിടേക്ക് വരുന്ന ആളുകളെ അവിടെ നിന്ന് തടയുന്നത് എന്ത് സമീപനമാണ്. ഈ വീട്ടിലേക്ക് വരുന്നവരെ എങ്ങനെയാണ് തടയുക, ഇതൊരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്.

ഇത് മര്യാദയില്ലാത്ത പരിപാടിയാണ്. ഗുണ്ടായിസമാണ് അധികാരദുര്‍വിനിയോഗം നടത്തി നമ്മുടെ മെക്കിട്ട് കേറുകയാണ്. നിങ്ങള്‍ക്ക് അത്രയും കമിറ്റ്‌മെന്റ് ഉണ്ടെങ്കില്‍ നിങ്ങള്‍ ചോദിക്കണം, നേരെ വഴിയുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ ലൈന്‍ ഇതിലൂടെ പോകുന്നുവെന്ന് അല്ലാതെ ഇവിടെ വരുന്നവരെ തടയുകയല്ല ചെയ്യേണ്ടത്.

ഞാന്‍ കണ്ടതാണ് ഞങ്ങളുടെ കമ്മിറ്റിയിലുള്ള ആളുകളോടടക്കം എങ്ങോട്ട് പോകുന്നു എന്ന് പൊലീസ് ചോദിക്കുന്നത്. നിങ്ങളെ പേടിയാണ് സര്‍, കാക്കിയിട്ടവരെ ജനത്തിന് പേടിയാണ്. അതുകൊണ്ട് തന്നെയാണ് ഇവിടെ വരുന്നവര്‍ അതുവഴി പോകുന്നത്. എന്തൊരു ഗുണ്ടാവിളയാട്ടമാണ്. ഇതാണോ ജനാധിപത്യം.

നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്. ഗവര്‍മെന്റിന് വേണ്ടിയുള്ള പദ്ധതിയാണ് നടക്കുന്നത് എന്ന് നിങ്ങള്‍ പറയുന്നു. ഇത് ന്യായമായിട്ടാണ് നടക്കുന്നതെങ്കില്‍ നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്. ? ഇതേ പൊലീസ് തന്നെയാണ് കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളികള്‍ യാതൊരു ഐഡികാര്‍ഡുകളും ഇല്ലാതെ വന്നപ്പോള്‍ കയ്യുകെട്ടി നോക്കിനിന്നത്. ഇതേ പോലീസ്.. ഉളുപ്പു വേണം. അതേ പറയാനുള്ളൂ- ദിവ്യ അല്‍മിത്ര പറയുന്നു.

തങ്ങള്‍ ഇവിടേക്ക് കയറിവന്നപ്പോള്‍ പോകാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതായി നാട്ടുകാരും പറഞ്ഞു. സമരസമിതിയില്‍ ഉള്ള ആളാണെന്ന് പറഞ്ഞെങ്കിലും പോകാന്‍ അനുവാദമില്ലെന്ന് പറയുകയായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കിയത്.

ആളുകളെ ആട്ടിപ്പായിച്ചല്ല സമരത്തെ ഇല്ലാതാക്കേണ്ടതെന്നും സമരം ചെയ്യാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനും ഉണ്ടെന്നും ശാന്തിവനം സംരക്ഷണ സമിതി കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫും പ്രതികരിച്ചു. ഇവിടെ 144 പ്രഖ്യാപിട്ടൊന്നും ഇല്ലല്ലോ? പൊലീസ് അവരുടെ അധികാരവും അവകാശവും ഉപയോഗിച്ചാല്‍ മതി. അല്ലാതെ കെ.എസ്.ഇ.ബിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യേണ്ട. അത് അംഗീകരിക്കാന്‍ പറ്റില്ല. – അവര്‍ വ്യക്തമാക്കി.