Entertainment
ആദ്യസിനിമ മുതല്‍ ആ നടനും ഞാനും നല്ല സുഹൃത്തുക്കളാണ്, ഞങ്ങളുടെ കോമ്പോ ആളുകള്‍ക്ക് ഇഷ്ടപ്പെടാനുള്ള കാരണം അറിയില്ല: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 03:37 pm
Thursday, 23rd January 2025, 9:07 pm

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. 1982ല്‍ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 45ഓളം സിനിമകളില്‍ താരം ബാലതാരമായി അഭിനയിച്ചു. 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായും അരങ്ങേറി. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 150ഓളം സിനിമകളില്‍ താരം അഭിനയിച്ചു.

മോഹന്‍ലാലിനൊപ്പം ഒരുപിടി മികച്ച ചിത്രങ്ങളില്‍ മീന ഭാഗമായിട്ടുണ്ട്. ചന്ദ്രോത്സവം, വര്‍ണപ്പകിട്ട്, ദൃശ്യം, ദൃശ്യം 2, ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍- മീന കോമ്പോ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മീന.

ആദ്യചിത്രം മുതല്‍ താനും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളെപ്പോലെയാണെന്ന് മീന പറഞ്ഞു. എല്ലാ സിനിമയിലും മോഹന്‍ലാലിന്റെ നായികയായി തന്നെയാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും അദ്ദേഹത്തോടൊപ്പമുള്ള കോമ്പോ സീനുകള്‍ എല്ലാം നല്ല അനുഭവമാണെന്നും മീന കൂട്ടിച്ചേര്‍ത്തു. മലയാളികളില്‍ പലരും തങ്ങളുടെ കോമ്പോയെപ്പറ്റി പ്രത്യേകം സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മീന പറഞ്ഞു.

ഏറ്റവുമൊടുവില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബ്രോ ഡാഡിയും തനിക്ക് നല്ലൊരു അനുഭവമായിരുന്നെന്നും പൃഥ്വിരാജിന്റെ അമ്മയുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും മീന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൃഥ്വിരാജ് തന്നെ കണ്‍വിന്‍സ് ചെയ്‌തെന്നും സിനിമ കാണുമ്പോള്‍ ആ വേഷം ഒരു കല്ലുകടിയായി തോന്നാറില്ലെന്നും മീന പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു മീന.

‘മലയാളത്തില്‍ ലാല്‍ സാറിന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ തവണ നായികയായിട്ടുള്ളത്. എല്ലാ സിനിമയിലും ഞങ്ങളുടെ കോമ്പോ ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്യാറുണ്ട്. ഒരുപാട് സിനിമയില്‍ ഉണ്ടെങ്കിലും കാണുന്നവര്‍ക്ക് ഞങ്ങളുടെ കോമ്പോ ബോറടിക്കുന്നില്ലെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

ഞാനും ലാല്‍ സാറും ആദ്യമായി ഒന്നിച്ച സിനിമ മുതല്‍ ഇങ്ങോട്ട് ഞങ്ങള്‍ രണ്ടും നല്ല സൗഹൃദത്തിലാണ്. ഏറ്റവും ലാസ്റ്റ് ലാല്‍ സാറിന്റെ കൂടെ ചെയ്ത ബ്രോ ഡാഡിയും നല്ല എക്‌സ്പീരിയന്‍സായിരുന്നു. ആ സിനിമയില്‍ പൃഥ്വിയുടെ അമ്മയുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ പൃഥ്വി എന്നെ കണ്‍വിന്‍സ് ചെയ്തു. ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ഞാനും പൃഥ്വിയും അമ്മയും മകനുമാണെന്ന ഭാഗം കല്ലുകടിയായി തോന്നുന്നില്ല,’ മീന പറഞ്ഞു.

Content Highlight: Meena says she and Mohanlal are friends since their first movie