ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്‌നാടിനെ ചതിച്ച മോദി തിരികെ പോകണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ രംഗത്തെത്തിയത്.
മോദിക്കെതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമാണ്. എയിംസ് ആശുപത്രി ഉദ്ഘാടനത്തിന് മധുരയിലെത്തുന്ന മോദിക്കെതിരെ സോഷ്യല്‍ മീഡിയിലും പ്രതിഷേധം ശക്തമാണ്.
#GoBackModi എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ് ആയിരക്കണക്കിന് ട്വീറ്റുകളാണ് ഗോ ബാക്ക് മോദിയെ പിന്തുണച്ച് വരുന്നത്.
എഴുത്തുകാരി മീന കന്ദസാമി അടക്കം നിരവധി പേരാണ് ഗോ ബാക്ക് മോദി പ്രചാരണത്തെ അനുകൂലിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.
Pure Gold, via @thirunangai #GoBackModi for
– being an Imperialist stooge.
– bootlicking the comprador-bourgeois
– fascist jungle raj
– brahmin-bania agenda
– 10% reservation for upper castes
– denying cauvery water
– imprisoning the 7 tamils
– sterlite murders https://t.co/00RQEld3Gh— meena kandasamy (@meenakandasamy) January 27, 2019
ഗോ ബാക്ക് മോദി എന്ന് താന്‍ പറയാനുള്ള കാരണങ്ങള്‍ നിരത്തിയാണ് മീന കന്ദസാമിയുടെ ട്വീറ്റ്.
ഗോ ബാക്ക് മോദി എന്ന് ഞാന്‍ പറയാനുള്ള കാരണങ്ങള്‍ ഇവയാണ്
“”സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍,
കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്നതിനാല്‍
ഫാഷിസ്റ്റ് ജംഗിള്‍ രാജുമായി മുന്നോട്ടുപോകുന്നതിനാല്‍
ബ്രാഹ്മിണ്‍ ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍
സവര്‍ണജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനാല്‍
കാവേരി വെള്ളം തമിഴ്നാടിന് നിഷേധിച്ചതിനാല്‍
ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍
സ്റ്റെര്‍ലൈറ്റ് കൊലപാതകങ്ങള്‍ നടത്തിയതിനാല്‍””- എന്നായിരുന്നു മീന കന്ദസാമിയുടെ ട്വീറ്റ്.
മോദിയുടെ സന്ദര്‍ശനത്തിന് എതിരെ കഴിഞ്ഞ ദിവസം ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി സഹായിച്ചില്ലെന്നും തൂത്തുക്കുടി സ്‌റൈര്‍ലൈറ്റ് വിരുദ്ധ സമരത്തില്‍ 13 പേര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ എവിടെയായിരുന്നു എന്നും ചോദിച്ചാണ് പ്രതിഷേധക്കാര്‍ മോദിക്കെതിരെ രംഗത്തെത്തുന്നത്. കാവേരി പ്രശ്‌നം വന്നപ്പോള്‍ മോദി കര്‍ണാടകയ്ക്ക് അനുകൂലമായി തീരുമാനമെടുത്തതും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മോദി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു. മോദി പങ്കെടുക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂണ്‍ പറത്തിയായിരുന്നു അന്നത്തെ പ്രതിഷേധം.