| Friday, 5th February 2021, 10:44 am

എന്നെ ഭീഷണിപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ല; ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെ വീണ്ടും വിമര്‍ശനവുമായി കമല ഹാരിസിന്റെ മരുകമള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റെ കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിനെതിരെ ഇന്ത്യയില്‍ നിന്നും വിമര്‍ശനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വീണ്ടും പ്രതികരണവുമായി മീന ഹാരിസ്.

തന്നെ ഭീഷണിപ്പെടുത്താനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നാണ് മീന ഹാരിസ് പറഞ്ഞത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ നിരവധി പേരാണ് അവര്‍ക്ക് പിന്തുണയുമായി മുന്നേട്ട് വന്നത്.

മാധ്യമപ്രവര്‍ത്തക റാണാ അയൂബ് ഉള്‍പ്പെടെയുളളവര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിന് മീന ഹാരിസിന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് റാണാ അയൂബ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി തിരിച്ചു ഒരുപാട് സ്‌നേഹമെന്ന മറുപടിയും മീന ഹാരിസ് നല്‍കിയിട്ടുണ്ട്.

അതേസമയം മീനയോട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന് പറഞ്ഞ് നിരവധി പേരും വിമര്‍ശനവുമായി രംഗത്തുണ്ട്.

തന്റെ ഫോട്ടോ ഉയര്‍ത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടും മീന ഹാരിസ് വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്‌നം മനുഷ്യാവകാശ പ്രവര്‍ത്തകരോട് താന്‍ സംസാരിച്ചു. ഇതാണ് പ്രതികരണമെന്നായിരുന്നു തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മീന ഹാരിസ് പ്രതികരിച്ചത്.

കര്‍ഷക സമരത്തിന് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെയും അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ അവര്‍ ട്വീറ്റ് ചെയ്തത്.

‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്.

ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തേയും ഇന്റര്‍നെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,” എന്നായിരുന്നു വിഷയത്തില്‍ മീന ഹാരിസിന്റെ ആദ്യ പ്രതികരണം.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വിവരങ്ങള്‍ തടസ്സമില്ലാതെ അറിയാനുള്ള അവകാശവും ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും ലക്ഷണമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.കര്‍ഷക സമരത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്ന് പിന്തുണ ഏറിവരുന്ന വരുന്ന സാഹചര്യത്തിലാണ് യു.എസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Meena Harris Niece of Kamala Harris says she can’t be intimidated or silenced

We use cookies to give you the best possible experience. Learn more