| Monday, 8th February 2021, 9:29 am

ഹിന്ദു തീവ്രവാദത്തോടൊപ്പം ഇന്ത്യക്കാര്‍ക്കിടയിലെ വര്‍ണവെറിയെ കുറിച്ചും സംസാരിക്കാം: മീന ഹാരിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വംശീയ-വര്‍ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് യു.എസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹപ്രവര്‍ത്തകയുമായ മീന ഹാരിസ്. ഹിന്ദു തീവ്രവാദഋത്തിനൊപ്പം കറുപ്പിനോടുള്ള ഇന്ത്യയുടെ വിരോധനത്തെ കുറിച്ചു കൂടി സംസാരിക്കാമെന്നും മീന ഹാരിസ് പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മീന ഹാരിസിനെതിരെ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പ്രൊഫ. ദിലീപ് മണ്ഡല്‍ എഴുതിയ ആക്ഷേപഹാസ്യപരമായ കമന്റിനോട് പ്രതികരിക്കുകയായിരുന്നു മീന ഹാരിസ്.

‘പ്രിയപ്പെട്ട മീന ഹാരിസ്, നിങ്ങള്‍ ഹിന്ദുവാണെന്ന് പറയുന്നത് തികച്ചും വസ്തുതാപരവും മതവിരുദ്ധവുമാണ്. കാരണം അഗാമയും സ്മൃതികളും ശാസ്ത്രങ്ങളും പ്രകാരം ഹിന്ദുവാകണമെങ്കില്‍ നിങ്ങള്‍ക്കൊരു ജാതി വേണം. നിങ്ങളുടെ മുത്തച്ഛനും അച്ഛനും ഭര്‍ത്താവും കറുത്ത വംശജരാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ പോലെ നിങ്ങളും ‘തൊട്ടുകൂടാത്തവരാണ്.’ ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്,’ ഇതായിരുന്നു ദിലീപ് മണ്ഡലിന്റെ ട്വീറ്റ്. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു മീന ഹാരിസിന്റെ ട്വീറ്റ്.

‘ഇത് ആക്ഷേപഹാസ്യപരവും ഹിന്ദു തീവ്രവാദത്തിനെതിരെയുള്ള വിമര്‍ശനവുമാണെന്ന് ഞാന്‍ കരുതുന്നു. അതേസമയം, ഞാന്‍ ഏറെ നാളായി കാണുന്ന, കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വിവേചനകത്തെ കുറിച്ചുകൂടി ഈ കമന്റ് സംസാരിക്കുന്നുണ്ട്. അതേ കുറിച്ച് കൂടി നമുക്ക് സംസാരിക്കാം,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നുവെന്നും മീന ഹാരിസ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി’ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.

‘കഴിഞ്ഞ ആഴ്ചയില്‍ മാത്രം നടന്ന കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പോലും ‘അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി’ എന്ന് ഈ തലക്കെട്ട് മാറ്റിവായിക്കാം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട സംഭവത്തിലും മീന ഹാരിസ് പ്രതികരിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ കത്തിക്കുന്നവരെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചുപോയെന്നാണ് മീന ഹാരിസ് പ്രതികരിച്ചത്.

‘തീവ്രവാദികളായ ഒരു ആള്‍ക്കൂട്ടം നിങ്ങളുടെ ചിത്രം കത്തിക്കുന്നത് കാണുന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്. നമ്മള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. ഞാന്‍ പറഞ്ഞുതരാം- 23 വയസ്സുകാരിയായ തൊഴിലവകാശ പ്രവര്‍ത്തകയായ നൊദീപ് കൗറിനെ അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു. ലൈംഗികമായി ആക്രമിച്ചു. ജാമ്യം കൊടുക്കാതെ 20 ദിവസം തടവിലാക്കി,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

ധീരരായ ഇന്ത്യന്‍ പുരുഷന്മാര്‍ കര്‍ഷകസമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ കത്തിച്ചുവെന്ന് വരെ ചില തലക്കെട്ടുകള്‍ ഞാന്‍ കാണുകയുണ്ടായി. അത് നോര്‍മലായി കാണുകയാണ് പലരും. ഇതില്‍ ഒരു ധീരതയുമില്ലെന്ന് ഞാന്‍ ആദ്യമേ പറയട്ടെയട്ടെയും മീന ഹാരിസ് പറഞ്ഞു.

കര്‍ഷക സമരത്തിന് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെയും അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ അവര്‍ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണെന്നാണ് മീന ആദ്യം കര്‍ഷകസമരത്തില്‍ പ്രതികരിച്ചുകൊണ്ട് മീന ആദ്യം ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Meena Harris against casteism, racism and Hindu extremism  India

We use cookies to give you the best possible experience. Learn more