| Tuesday, 27th February 2024, 9:44 am

ഇമേജിന്റെ ഒരു പ്രശ്‌നം മലയാളത്തില്‍ ഇല്ലാത്തതുകൊണ്ടാണ് അത്തരം കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തത്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. 1982ല്‍ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 45ഓളം സിനിമകളില്‍ മീന ബാലതാരമായി അഭിനയിച്ചു. 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായും അരങ്ങേറി. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 150ഓളം സിനിമകളില്‍ താരം അഭിനയിച്ചു. ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസാണ് താരത്തിന്റെ പുതിയ ചിത്രം.

സിബി മലയില്‍ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ ആദ്യമായി നായികയാവുന്നത്. പിന്നീട് നിരവധി മലയാള സിനിമകളില്‍ നായികയായി താരം അഭിനയിച്ചു. എന്നാല്‍ ആദ്യകാലത്ത് കൂടുതലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളാണ് താരം ചെയ്തത്. ആനന്ദപുരം ഡയറീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യകാലത്ത് നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള കാരണം വ്യകതമാക്കി.

‘എനിക്കറിയില്ല, എങ്ങനെയാണ് അത് വന്നതെന്ന്. ഞാന്‍ അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല, മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ മാത്രം എന്താ ഇങ്ങനെയെന്ന്. മലയാളത്തില്‍ എല്ലാവരും ഡിഫറന്റ് ഴോണര്‍സ് ട്രൈ ചെയ്യും, ഇമേജിന്റെ ഒരു പ്രോബ്ലം ഇവിടെ ഉണ്ടാവില്ല. പല ഴോണറുകളും ധൈര്യമായിട്ട് പരീക്ഷിക്കാം. വെറൈറ്റി ക്യാരക്ടേഴ്‌സ് ചെയ്തുനോക്കാനൊക്കെ അവസരമുള്ള ഒരു ഭാഷയാണ് മലയാളം.

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ തമിഴിലും തെലുങ്കിലും ചെയ്യാന്‍ നമുക്ക് കുറച്ച് മടിയുണ്ടാവും, കുറച്ച് പേടിയുമുണ്ടാവും. ഇത് ചെയ്താല്‍ ഓകെയാവുമോ, ഇപ്പോഴുള്ള പോസിറ്റീവ് ഇമേജ് പോകുമോ എന്നിങ്ങനെയുള്ള കുറേ ചോദ്യങ്ങളും കണ്‍ഫ്യൂഷനുണ്ടാകും. മലയാളം ആയതുകൊണ്ട് മാത്രമാവാം ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്. മാത്രമല്ല, ഞാന്‍ അന്ന് ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളില്‍ നിന്ന് കുറച്ച് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അതൊക്കെ.

ആദ്യമൊക്കെ ചെറിയ രീതിയില്‍ ഗ്രേ ഷെയ്ഡുള്ള പിന്നീട നന്നാകുന്ന ടൈപ്പ് കഥാപാത്രങ്ങള്‍ ഞാന്‍ മുമ്പ് ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെയുള്ള ട്രാന്‍സിഷന്‍ വളരെ ഇന്‍ട്രെസ്റ്റിങ്ങായിരുന്നു,’ മീന പറഞ്ഞു.

Content Highlight: Meena explains why she choose negative shade characters in Malayalam cinemas

We use cookies to give you the best possible experience. Learn more