| Thursday, 9th January 2025, 7:48 pm

ബ്രോ ഡാഡിയില്‍ പൃഥ്വിരാജാണ് എന്റെ മകനെന്ന് അറിഞ്ഞപ്പോള്‍ ഷോക്കായി, സിനിമയിലേക്ക് എന്നെ കണ്‍വിന്‍സാക്കിയത് അയാളാണ്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം നേരിട്ട് ഒ.ടി.ടിയില്‍ റിലീസാവുകയായിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മയായി വേഷമിട്ടത് മീനയായിരുന്നു.

ചിത്രത്തിന്റെ കഥ കേട്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മീന. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ കഥ പറയാന്‍ തന്നെ വിളിച്ചതെന്ന് മീന പറഞ്ഞു. തന്റെ മകനായി വേഷമിടുന്നത് പൃഥ്വിരാജാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ആദ്യം ഷോക്കായെന്നും എന്താണ് പറഞ്ഞതെന്ന് ആന്റണിയോട് വീണ്ടും ചോദിച്ചെന്നും മീന കൂട്ടിച്ചേര്‍ത്തു.

ഞെട്ടണ്ടെന്ന് ആന്റണി തന്നോട് പറഞ്ഞെന്നും പൃഥ്വിരാജ് വിളിക്കുമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്‌തെന്നും മീന പറഞ്ഞു. പിന്നീട് പൃഥ്വിരാജ് തന്നെ വിളിച്ചെന്നും കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്‌തെന്നും മീന കൂട്ടിച്ചേര്‍ത്തു. ആ കഥയില്‍ പൃഥ്വി എങ്ങനെ തന്റെ മകനാകുമെന്ന ചിന്ത ആ ഫോണ്‍ കോളിന് ശേഷം മാറിയെന്നും മീന പറഞ്ഞു.

സിനിമ കാണുന്ന ആര്‍ക്കും തന്റെ മകനായി പൃഥ്വിരാജ് എത്തുന്നത് കണ്ട് മിസ്‌കാസ്റ്റായി തോന്നിയില്ലെന്നും അതാണ് ആ സിനിമയുടെ വിജയമെന്നും മീന കൂട്ടിച്ചേര്‍ത്തു. അതേഘടകമാണ് ആ സിനിമയോട് ഓക്കെ പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അല്ലായിരുന്നെങ്കില്‍ താന്‍ ആ ചിത്രം ചെയ്യില്ലായിരുന്നെന്നും മീന പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു മീന.

‘ബ്രോ ഡാഡിയുടെ കഥ പറയാന്‍ എന്നെ ആദ്യം വിളിച്ചത് ആന്റണി പെരുമ്പാവൂരായിരുന്നു. കഥ പറയുന്നതിനനിടക്കാണ് എന്റെ മകന്റെ ക്യാരക്ടര്‍ ചെയ്യുന്നത് പൃഥ്വിരാജാണെന്ന് ആന്റണി പറഞ്ഞു. അത് കേട്ടതും ഞാന്‍ ഷോക്കായി. പൃഥ്വിയുടെ അമ്മയായി ഞാന്‍ എങ്ങനെ അഭിനയിക്കും എന്ന് തോന്നി. എന്താണ് നിങ്ങള്‍ പറയുന്നതെന്ന് ആന്റണിയോട് ചോദിച്ചു. ‘മാഡം ഒട്ടും പേടിക്കണ്ട, രാജു നിങ്ങളെ വിളിച്ച് എല്ലാം വിശദമായി പറയും’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

പിന്നീട് രാജു എന്നെ വിളിച്ച് കഥ ഡീറ്റയിലായി പറഞ്ഞുതന്നു. ആ ക്യാരക്ടര്‍ എങ്ങനെയാണ് എന്നൊക്കെ കൃത്യമായി പറഞ്ഞുതന്നു. അത്രക്ക് കണ്‍വിന്‍സിങ്ങായിരുന്നു ആ സ്‌ക്രിപ്റ്റ്. ഇപ്പോഴും ആ സിനിമ കാണുമ്പോള്‍ ഞാന്‍ എങ്ങനെ പൃഥ്വിയുടെ അമ്മയായി വേഷമിടും എന്നൊന്നും ആര്‍ക്കും തോന്നില്ല. അങ്ങനെയാണ് പൃഥ്വി എന്നെ കണ്‍വിന്‍സ് ചെയ്തതും ആ സിനിമയോട് ഓക്കെ പറയാന്‍ എന്നെ പ്രേരിപ്പിച്ചതും. അല്ലായിരുന്നെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ലായിരുന്നു,’ മീന പറഞ്ഞു.

Content Highlight: Meena explains how she convinced to act in Bro Daddy movie

Latest Stories

We use cookies to give you the best possible experience. Learn more