താൻ ജീവിതത്തിൽ ഇത് വരെ കോളേജിൽ പോയിട്ടില്ലെന്ന് നടി മീന. സിനിമയിലും താൻ വിദ്യാർത്ഥിയായി അഭിനയിച്ചിട്ടില്ലെന്ന് മീന പറഞ്ഞു. തമിഴ്, തെലുങ്ക്, മലയാളത്തിലൊന്നും താൻ വിദ്യാർത്ഥിയായി അഭിനയിച്ചതായി ഓർമയിൽ ഇല്ലെന്നും മീന കൂട്ടിച്ചേർത്തു.
ആദ്യമായി താൻ വിദ്യാർത്ഥിയായി അഭിനയിക്കുന്നത് ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിലാണെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. 40 വർഷത്തിന് ശേഷം ഇനി അങ്ങനെ ഒരു അവസരം കിട്ടില്ല എന്ന് വിചാരിച്ച സമയത്താണ് ഈ സിനിമ വരുന്നതെന്നും മീന പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പേഴ്സണൽ ലൈഫിൽ ഞാൻ ഇതുവരെ കോളേജിൽ പോയിട്ടില്ല. പ്രൊഫഷണലിലും ഞാൻ ഒരു സിനിമയിലും അങ്ങനെ അഭിനയിച്ചിട്ടില്ല. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമൊന്നും എനിക്ക് കോളേജിൽ പോയി ചെയ്തതായി ഓർമയില്ല. ആദ്യമായിട്ടാണ് കോളേജ് സ്റ്റുഡൻറ് ആയിട്ട് അഭിനയിച്ചത്. 40 വർഷത്തിന് ശേഷം ഇനി അങ്ങനെ ഒരു അവസരം കിട്ടില്ല എന്ന് വിചാരിച്ച സമയത്താണ് ഇത് വന്നത്,’ മീന പറഞ്ഞു.
ബാലതാരമായി സിനിമയിലേക്കെത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2016ല്‍ മീനയുടെ മകള്‍ നൈനിക വിജയ് ചിത്രമായ തെരിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ജയ ജോസ് രാജ് സംവിധാനം ചെയ്ത ആനന്ദപുരം ഡയറീസാണ് മീനയുടെ പുതിയ ചിത്രം.
Content Highlight: Meena about missed college life