| Monday, 4th March 2024, 8:40 am

ശരിയായില്ലെങ്കിൽ വിട്ടേക്കെന്ന് ഞാൻ അറ്റ്ലിയോട് പറഞ്ഞിരുന്നു: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി സിനിമാപ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.

കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2016ല്‍ മീനയുടെ മകള്‍ നൈനിക വിജയ് ചിത്രമായ തെരിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. മകൾ ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ എന്തെങ്കിലും പറഞ്ഞുകൊടുത്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മീനയുടെ മറുപടി.

തന്റെ മകളോട് പറഞ്ഞിട്ട് കാര്യമില്ലെന്നും അവൾ കുട്ടി അല്ലേയെന്നുമായിരുന്നു മീന പറഞ്ഞത്. എന്നാൽ സിനിമയുടെ സംവിധായകനായ അറ്റ്ലിയോട് മകളെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ചോദിച്ചിരുന്നെന്നും മീന കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ ചിത്രമായ ആനന്ദപുരം ഡയറീസിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.

‘പാവം അവളോട് പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് ഒന്നും അറിഞ്ഞൂടാ, അവൾക്ക് നാലര വയസേ ഉണ്ടായിരുന്നുള്ളു. പക്ഷേ അറ്റ്ലിയോട് പറഞ്ഞു. ഇത് ശരിയാവുമോ അറ്റ്ലി, ശരിയായില്ലെങ്കിൽ വിട്ടേക്കൂ ആരോടും പറയണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ‘എന്താ മാം, നിങ്ങളുടെ മോളല്ലേ’ എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അതാണ് പ്രശ്നം എന്ന്.

എന്തെങ്കിലും ശരിയല്ലെങ്കിൽ നമുക്ക് മുമ്പോട്ട് പോകണ്ട. ഇവിടെ വെച്ച് നിർത്താമെന്ന് പറഞ്ഞു. അറ്റ്ലി ഒരു ചെറിയ മേക്കപ്പ് ഷൂട്ട് അങ്ങനെയൊക്കെ ചെയ്തു. അതിനുശേഷം അറ്റ്ലിക്ക് അവളെ നല്ല ഇഷ്ടമായി. ;നിങ്ങൾ വിചാരിക്കുന്ന പോലെയല്ല മാം. ഇതെന്തായാലും വർക്കൗട്ട് ആവും’ എന്ന് പറഞ്ഞിട്ടാണ് ഞങ്ങൾ ഇത് മുന്നോട്ട് കൊണ്ട് പോയത്,’ മീന പറഞ്ഞു.

Content Highlight: meena about her daughter’s first movie

We use cookies to give you the best possible experience. Learn more