ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം.
കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ മീന മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.
മോഹൻലാലിനൊപ്പമാണ് മീന ജോഡിയായി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. അവയിൽ പലതും സൂപ്പർഹിറ്റുകളുമാണ്. മനസ്സറിയാതെ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ശേഷം വർണപ്പകിട്ട് എന്ന സിനിമയിൽ അദ്ദേഹത്തിന്റെ നായികയായപ്പോൾ വലിയ ത്രില്ലായിരുന്നുവെന്നും എല്ലാ സിനിമയേയും ഫ്രഷായി സ്വീകരിക്കുന്ന വ്യക്തിയാണ് മോഹൻലാലെന്നും മീന പറയുന്നു. ഉദയനാണ് താരം എന്ന സിനിമയിൽ കരളേ കരളിന്റെ കരളേ എന്ന ഗാനത്തിന് ശ്രീനിവാസനൊപ്പം ഡാൻസ് ചെയ്ത അനുഭവവും മീന പങ്കുവെച്ചു.
‘മനസ്സറിയാതെയിൽ ലാലേട്ടനൊപ്പം ബാലതാരമായി അഭിനയിച്ചതൊന്നും ഓർമ ഇല്ല. അന്നു തീരെ ചെറിയ കുട്ടിയല്ലേ. വർഷങ്ങൾക്കു ശേഷം ‘വർണപ്പകിട്ടി’ലേക്കു വന്നത് ലാലേട്ടന്റെ നായികയാകുന്നതിൻ്റെ ത്രില്ലിലാണ്. അന്നും ഇന്നും ഓരോ സിനിമയെയും ഫ്രഷ് ആയി സ്വീകരിക്കുന്ന ലാലേട്ടനെ കണ്ടു പഠിക്കണം. ആദ്യം കാണുമ്പോൾ അറിഞ്ഞ സ്നേഹവും കെയറിങ്ങും ഇപ്പോഴും ലാലേട്ടനിൽ നിന്നു കിട്ടുന്നുണ്ട്.
ഗ്ലാമർ അഭിനയിക്കുമ്പോൾ കഥാപാത്രത്തിന് ഡെപ്‌ത് കുറയുന്നതാണ് ബാക്കി ഭാഷകളിലെ പതിവ്. പക്ഷേ, മലയാളത്തിൽ അങ്ങനെയല്ല. ഗ്ലാമർ റോളുകൾ ചെയ്യുമ്പോൾ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും. ഉദയനാണു താരത്തിൽ സിനിമാ നടിയായി തന്നെ അഭിനയിച്ചത് ബോണസാണ്.
കരളേ കരളിൻ്റെ കരളേ.. സോങ്ങിൻ്റെ ഷൂട്ടിങ്ങിനിടെ ഒരു രസമുണ്ടായി. പഴയകാലത്തെ പോലെ ഡ്രസ് ഒക്കെ ചെയ്തു വന്ന് ഡാൻസ് മാസ്‌റ്ററുടെ അടുത്ത് റിഹേഴ്സൽ കഴിഞ്ഞ് ഷോട്ട് റെഡി കേൾക്കുമ്പോൾ ഞാനും ശ്രീനിയേട്ടനും ഡാൻസ് തുടങ്ങും. പാട്ടിനൊത്ത് ശ്രീനിയേട്ടന് സ്‌റ്റെപ്പുകൾ വരില്ല. ഡയറക്‌ടർ ‘കട്ട്’ വിളിക്കുമ്പോൾ ശ്രീനിയേട്ടന്റെ ഡയലോഗ് വരും, ‘മീന നന്നായി ഡാൻസ് കളിക്കുന്നതു കൊണ്ട് എന്റെ ഡാൻസിൻ്റെ ഭംഗി തിരിച്ചറിയാൻ പറ്റാത്തതാണ് എന്ന്,’മീന പറയുന്നു.
Content Highlight: Meena About Dance Of Sreenivasan