സംസ്ഥാനത്ത് മരുന്നകളുടെ വില ഇന്ന് മുതല്‍ കുറയും
Kerala
സംസ്ഥാനത്ത് മരുന്നകളുടെ വില ഇന്ന് മുതല്‍ കുറയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2013, 8:30 am

[]തിരുവനന്തപുരം: ##മരുന്നുകള്‍ക്ക് വിലകുറയുന്നു. പുതിയ ഔഷധനയത്തിന്റെ ഭാഗമായി 151 മരുന്നുകളുടെ വിലയിലാണ് ഇന്ന് മുതല്‍ കുറവുണ്ടാകുക. []

348 ഇനം മരുന്നുകള്‍ക്ക് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ ആദ്യ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 151 മരുന്നുകളുടെ വിലയാണ് കുറയുക.

രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അര്‍ബുദം, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ കുറവുണ്ടാകും. പാരസെറ്റമോള്‍പോലെ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണു പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അതേസമയം പുതിയ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.

30% വരെയാണു വില കുറയുക. വില കുറച്ച മരുന്നുകളുടെ പട്ടികയും വിലയും ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെയും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെയും വൈബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം വില കുറയുന്നതോടെ വന്‍കിട കമ്പനികള്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വില കുറയുന്ന മരുന്നുകളുടെ പഴയ സ്റ്റോക്ക് ഉണ്ടെങ്കില്‍ അത് പിന്‍വലിച്ച് പുതുക്കിയ വിലയ്ക്ക് വില്‍ക്കണമെന്നാണ് അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം  സ്‌റ്റോക്കുള്ള മരുന്നുകള്‍ വ്യാപാരികള്‍ കമ്പനികള്‍ക്കു തിരികെ നല്‍കുന്നതു തുടരുകയും പുതിയ വിലയിലുള്ള മരുന്നുകള്‍ ഇവര്‍ക്കു ലഭിക്കാതിരിക്കുകയും ചെയ്താല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കമുള്ളവയ്ക്കു ക്ഷാമം നേരിടുമെന്ന ആശങ്കയുമുണ്ട്.

ഇന്ന് മുതല്‍ പഴയ വിലയില്‍ മരുന്ന് വിറ്റാല്‍ ഏഴ് വര്‍ഷം തടവാണ് വിജ്ഞാപനത്തില്‍ അതോറിറ്റി ശുപാര്‍ശ ചെയ്യുന്നത്. മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അറിച്ചു.

മരുന്നുകള്‍ വില്‍ക്കാന്‍ 45 ദിവസംവരെ സമയമുണ്ടായിരുന്നുവെന്നും ഇനി ക്ഷാമം സൃഷ്ടിച്ചാല്‍ നടപടിയെടുക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ കൂടിയ വിലയ്ക്കു വില്‍ക്കുന്നില്ലെന്ന് അതതു ജില്ലകളിലെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും തുടര്‍ച്ചയായി പരിശോധനകള്‍ നടത്തണമെന്നും വകുപ്പു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രമേഹത്തിനുള്ള സെമി ഡയോണലിന്റെ വില 63ല്‍ നിന്ന് 48 പൈസയായി കുറയും.ഡയോണലിന്റെ വില 1 രൂപ 31 പൈസയില്‍ നിന്ന് 96 പൈസയാകും. കൊളസ്‌ട്രോളിനുള്ള അറ്റോര്‍വാസ്റ്റിന് രക്തസമ്മര്‍ദ്ദത്തിനുള്ള നിക്കാര്‍ഡിയ എന്നിവയുടെ വിലുയം കുറയും.