| Wednesday, 24th July 2019, 1:54 pm

50 രൂപ മുതല്‍ 32,000 രൂപ വരെയുള്ള മരുന്നുകള്‍ ഫാര്‍മസിയിലില്ല; തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സ മുടങ്ങുന്നു

ഹരിമോഹന്‍

കോഴിക്കോട്: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ വലയുന്നു. പുറത്തുനിന്ന് മുഴുവന്‍ തുക നല്‍കി മരുന്നുകള്‍ വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍ രോഗികള്‍ക്കുള്ളത്.

നേരത്തേ ഈ ആരോപണം ഉയര്‍ന്നപ്പോള്‍ ബദല്‍മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആര്‍.സി.സി അധികൃതര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും അതേ അവസ്ഥ തുടരുകയാണെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ആര്‍.സി.സി ഫാര്‍മസിയില്‍ 18,700 രൂപ വിലയുള്ള Avastin എന്ന മരുന്നിന് 32,250 രൂപയാണ് പുറത്തു വില. കുടലിനെ ബാധിക്കുന്ന കാന്‍സറിനുള്ള മരുന്നാണിത്. ഈ മരുന്ന് ഇപ്പോള്‍ പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥയാണ്.

ഇതു വിലകൂടിയ മരുന്നിന്റെ മാത്രം അവസ്ഥയല്ല. 50 രൂപ മാത്രം വിലയുള്ള Methotrexate എന്ന മരുന്ന് ലഭിക്കാത്തതിനാല്‍ ഇഞ്ചക്ഷന്‍ മുടങ്ങിപ്പോയ സംഭവം വരെ അടുത്തകാലത്തുണ്ടായിട്ടുണ്ട്. Acute lymphoblastic leukemia (ALL) എന്നതരം ബ്ലഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ക്കഴിയുന്ന തന്റെ കുട്ടിക്ക് ഈ മരുന്ന് ലഭിക്കാത്തതിനാല്‍ ഒരു തവണ ഇഞ്ചക്ഷന്‍ മുടങ്ങിയെന്ന് കുട്ടിയുടെ അമ്മ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

Avastin എന്ന മരുന്ന് പുറത്തുനിന്നു ലഭിക്കാന്‍ എളുപ്പമാണെങ്കിലും വില കൂടുതലാണെന്നതു പ്രശ്‌നമാണ്. അതേസമയം വളരെ വിലക്കുറവുള്ള Methotrexate എന്ന മരുന്ന് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അഥവാ ഈ മരുന്ന് എവിടെനിന്നെങ്കിലും ലഭിച്ചാല്‍ തന്നെ ആവശ്യത്തിനു വാങ്ങി സ്‌റ്റോര്‍ ചെയ്തുകൂടേ എന്നു ചോദിക്കാം. പക്ഷേ അതു സാധ്യമല്ല. ഈ മരുന്ന് എവിടെ സ്റ്റോര്‍ ചെയ്തുവെന്നത് ഒരു പ്രശ്‌നം തന്നെയാണ്.

അങ്ങനെ സ്‌റ്റോര്‍ ചെയ്ത മരുന്നുകൊണ്ട് ചികിത്സ നടത്താന്‍ ഡോക്ടര്‍മാര്‍ വിസ്സമതിക്കുന്നതിനാല്‍ കൂടുതല്‍ വാങ്ങി വെയ്ക്കാറില്ലെന്നും അവര്‍ പറയുന്നു. കുറിപ്പ് ലഭിച്ചശേഷം ഉടന്‍തന്നെ ഈ മരുന്നുവാങ്ങി എത്തിക്കേണം. അല്ലാത്തപക്ഷം ഇഞ്ചക്ഷന്‍ മുടങ്ങും.

അതുമാത്രമല്ല, ഇതേ അസുഖത്തിന് ഉപയോഗിക്കുന്ന Mercaptopurine എന്ന മരുന്നും ആര്‍.സി.സിയില്‍ ലഭ്യമല്ലെന്ന് മറ്റൊരു രോഗിയുടെ ബന്ധുവായ എറണാകുളം സ്വദേശി നവാസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ആര്‍.സി.സിയില്‍ ഒ.പി, വാര്‍ഡ്, കീമോതെറാപ്പി വിഭാഗങ്ങളിലാണ് ഫാര്‍മസികളുള്ളത്. ഇവിടെ മൂന്നിലും ഇതേ പ്രശ്‌നം തന്നെ നിലനില്‍ക്കുന്നുണ്ട്.

ഇതുമാത്രമല്ല, മറ്റ് അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും ഇതേ പ്രതിസന്ധിയുണ്ട്. മലബന്ധ സംബന്ധമായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Cremalax, വേദനസംഹാരി വിഭാഗത്തില്‍ പെടുന്ന Becosules, Voveran തുടങ്ങിയ മരുന്നുകള്‍ ഇവിടെ ലഭിക്കുന്നില്ലെന്ന് ആര്‍.സി.സി ഫാര്‍മസിയിലെ ഒരു ജീവനക്കാരന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) ആവശ്യത്തിനു മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തതാണ് ആര്‍.സി.സിയെ പ്രതിസന്ധിയിലാക്കുന്നത്. ഇതു രൂക്ഷമായതോടെയാണ് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ആര്‍.സി.സി തീരുമാനിച്ചത്.

അടുത്തുള്ള ഇന്‍-ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്നോ കാരുണ്യ ഫാര്‍മസിയില്‍ നിന്നോ പണം നല്‍കാതെ മരുന്നുകള്‍ വാങ്ങാനുള്ള സംവിധാനമായിരുന്നു ഇത്. ഈ പണം പിന്നീട് ആര്‍.സി.സി അടയ്ക്കും. എന്നാല്‍ ഇവിടെനിന്നും മരുന്നുകള്‍ ലഭ്യമാകുന്നില്ലെന്നാണ് രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ പകരം സംവിധാനം വിജയമാണെന്നാണ് അധികൃതരുടെ വാദം. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതുണ്ടായാല്‍ ആ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുമെന്നും ആര്‍.സി.സി ഡയറക്ടര്‍ ഡോ. രേഖാ നായര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

രണ്ടുമാസം മുന്‍പ് കീമോതെറാപ്പിക്കുള്ള മരുന്ന് ലഭിക്കാത്തതിനാല്‍ ചികിത്സ മുടങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഹെയറി സെല്‍ ലുക്കീമിയ എന്നയിനം രോഗം ബാധിച്ചവരുടെ ചികിത്സയാണു മുടങ്ങിയത്.

ഇതിനായി ക്ലാഡ്രിബിന്‍ എന്ന കുത്തിവെപ്പായിരുന്നു വേണ്ടിയിരുന്നത്. കമ്പനി ഉത്പാദനം നിര്‍ത്തിവെച്ചതോടെയാണ് പ്രതിസന്ധി നേരിട്ടത്. കമ്പനിയുടെ കൈയില്‍ കാലാവധി കഴിയാത്ത മരുന്നുകളുണ്ടെന്നു കണ്ടെത്തിയശേഷം അതെത്തിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ 60,000 രൂപ വിലയുള്ള ഈ മരുന്ന് രോഗികള്‍ മുഴുവന്‍ പണം നല്‍കി വാങ്ങണം. അതിനുശേഷം മാത്രമേ ആര്‍.സി.സി പണം തിരികെനല്‍കൂ. പക്ഷേ സാധാരണക്കാരായ രോഗികള്‍ക്ക് ഇതു സാധ്യമാകില്ലെന്നതാണു യാഥാര്‍ഥ്യം. മാത്രമല്ല, കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യുമെന്ന ചോദ്യവും അവിടെ നിലനില്‍ക്കുന്നുണ്ട്.

പ്രശ്‌നം കനത്തതോടെ മരുന്നുകളെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കെ.എം.എസ്.സി.എല്‍ റീടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരുമാസമെങ്കിലും സമയമെടുക്കും.

കാന്‍സറിനുള്ള 111 മരുന്നുകളാണ് ഇത്തരത്തില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 85 മരുന്നുകള്‍ക്ക് ടെന്‍ഡര്‍ നല്‍കാന്‍ ആളുകളെ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നുമാണു കഴിഞ്ഞദിവസം ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്.

ഫാര്‍മസിയില്‍ മരുന്നുകളില്ലെന്ന ആരോപണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഈമാസം ആദ്യം ആര്‍.സി.സിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. Acute lymphoblastic leukemia (ALL) അസുഖത്തിന് ഉപയോഗിക്കുന്ന Methotrexate, Mercaptopurine എന്നീ മരുന്നുകള്‍ ലഭ്യമല്ലെന്ന് കമ്മീഷന്‍ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more