മരുന്ന് പരീക്ഷണത്തിന് മാര്‍ഗരേഖ വരുന്നു
Kerala
മരുന്ന് പരീക്ഷണത്തിന് മാര്‍ഗരേഖ വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2012, 10:07 am

ന്യൂദല്‍ഹി : മനുഷ്യരിലെ മരുന്ന് പരീക്ഷണത്തിന് മാര്‍ഗരേഖ വരുന്നു. നിലവിലെ വ്യവസ്ഥകള്‍ ഫലപ്രദമല്ലെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

നഷ്ടപരിഹാരത്തിനും തുടര്‍ചികിത്സക്കുമുള്ള വ്യവസ്ഥകള്‍ പുതിയ മാര്‍ഗരേഖയില്‍ ഉണ്ടാകും. വിദഗ്ധരുടെ പ്രാതിനിധ്യമുള്ള കമ്മിറ്റിയില്‍ ഐ.ഐ.സി.എം.ആര്‍, എയിംസ്, സഞ്ചയ്ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലഖ്‌നൗ, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചണ്ഡിഗഡ്, രാജീവ് ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡല്‍ഹി എന്നിവിടങ്ങളിലെ വിദഗ്ധരെ  സഹകരിപ്പിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്. []

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മരുന്ന് പരീക്ഷണത്തെക്കുറിച്ചുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗരേഖ കൊണ്ടുവരാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണ് പുതിയ മാര്‍ഗരേഖ കൊണ്ടുവരാന്‍ തീരുമാനമായത്.

ആന്ധ്രാപ്രദേശിലെ മരുന്ന് പരീക്ഷണത്തിന് വിധേയരായവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കമ്മീഷന്‍ പറയുന്നു.


കേരളത്തലെ മരുന്ന് പരീക്ഷണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരുലക്ഷത്തോളം പേരിലാണ് അജ്ഞാതമരുന്നുകള്‍ പരീക്ഷിച്ചത്. ഇതില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് വന്നിരുന്നു.