| Monday, 4th March 2024, 8:46 am

പ്രവാചക വൈദ്യം എന്ന പേരില്‍ വ്യാജ കോഴ്‌സ്; കോടികള്‍ തട്ടിയ പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രവാചക വൈദ്യം എന്ന പേരില്‍ വ്യാജ കോഴ്‌സുകള്‍ നടത്തി കോടിയിലധികം രൂപ തട്ടിയ പ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന കുന്ദമംഗലം കാരന്തൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (51)യെ ആണ് പൊലീസ് പിടികൂടിയത്. കുന്ദമംഗലത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള ജാമിഅത്തു ത്വിബുന്നബി ട്രസ്റ്റിനെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഈ ട്രസ്റ്റിന് കീഴില്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എന്ന പേരില്‍ കുന്ദമംഗലം-വയനാട് റോഡിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തില്‍ ഇയാള്‍ വ്യാജ കോഴ്സുകളാണ് പഠിപ്പിച്ചിരുന്നതെന്ന് പരാതിക്കാര്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയും നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുക്കകയും ചെയ്തിരുന്നു.

പിന്നീട് സ്ഥാപനം പൊലീസ് സീല്‍ ചെയ്യുകയായിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ഉണ്ടെന്ന വ്യാജേന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫറ്റിക് മെഡിസിന്‍ എന്ന സ്ഥാപനം ആരംഭിക്കാന്‍ ഇയാള്‍ പലരില്‍ നിന്നും 50,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ വാങ്ങിയതായി പൊലീസ് പറഞ്ഞു.

21 പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2023 നവംബറിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കോഴിക്കോടിന് പുറമേ മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. കോഴ്‌സിന് ശേഷം ഇയാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു മൂല്യവുമില്ലാത്ത വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണെന്ന് പരാതിക്കാര്‍ ആരോപിച്ചു. 2016ലും സമാനമായ തട്ടിപ്പ് ഇയാള്‍ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരം ആര്‍.സി.സിയുടെ അനുമതി ഉണ്ടെന്ന പേരില്‍ വ്യാജ രേഖയുണ്ടാക്കി ഒട്ടകത്തില്‍ നിന്ന് ക്യാന്‍സര്‍ ചികിത്സക്കുള്ള മരുന്നുണ്ടാക്കാനുള്ള പ്രൊജക്ടിന് വേണ്ടി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി ലഭിച്ചത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിക്കളഞ്ഞു.

ജാമ്യാപേക്ഷ തള്ളിയതിന് ശേഷവും ഇയാളെ പിടികൂടാന്‍ പൊലീസിന് സാധിക്കാതായതോടെ പ്രതിയെ അറസ്റ്റ് ചെയ്യണെമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ അടക്കം പരാതിക്കാര്‍ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ വാഴക്കാടുള്ള ഒരു വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. അറസ്റ്റിന് ശേഷം കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.

Contant Highlight: medicine fraud case; Accused arrested in Kozhikode

We use cookies to give you the best possible experience. Learn more