മെഡിസിന്‍ പാഠ്യപദ്ധതി പരിഷ്‌കരണം; ലെസ്ബിയനിസം ലൈംഗിക കുറ്റകൃത്യമായി കണക്കാക്കും
national news
മെഡിസിന്‍ പാഠ്യപദ്ധതി പരിഷ്‌കരണം; ലെസ്ബിയനിസം ലൈംഗിക കുറ്റകൃത്യമായി കണക്കാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 4:19 pm

ന്യൂദല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അണ്ടര്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫോറന്‍സിക് മെഡിസിന്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചു. പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ സോഡോമിയും ലെസ്ബിയനിസവും ലൈംഗിക കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കന്യകാത്വം, കന്യാചര്‍മം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫോറന്‍സിക് മെഡിസിന്‍ പാഠ്യപദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കൂടാതെ 2022ല്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഒഴിവാക്കിയ മെഡിക്കോ-ലീഗല്‍ എന്നിവയും പാഠ്യപദ്ധതിയില്‍ തിരികെ കൊണ്ടുവന്നിട്ടുണ്ടുണ്ടെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആദ്യ പാഠ്യപദ്ധതി പ്രകാരം എല്‍.ജി.ബി.ടി.ക്യു.ഐ.പ്ലസ് വ്യക്തികള്‍ക്ക് വിദ്യാഭ്യാസം സൗഹൃദപരമാക്കുക എന്ന ലക്ഷ്യത്തോടെ 2022ലെ കോടതിയുടെ നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്ന തരത്തിലേക്കാണ് പുതിയ പരിഷ്‌കരണം.

വ്യഭിചാരം പോലെയുള്ള കൃത്യങ്ങള്‍ക്ക് സമാനമായി ലെസ്ബിയനിസത്തെ കാണുന്നു എന്ന വിമര്‍ശനം പുതിയ പാഠ്യപദ്ധതിയില്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെയടക്കം ‘പ്രകൃതിവിരുദ്ധ മനോഭാവത്തോടെ’ കാണുന്നു എന്ന വിമര്‍ശനവും പാഠ്യപദ്ധതിക്കുണ്ട്.

അതേസമയം സൈക്യാട്രി മൊഡ്യൂളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ പര്യാപ്തമായ രീതിയില്ലെന്നതും പറയുന്നുണ്ട്.

ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കാനും വ്യത്യാസം തിരിച്ചറിയാനുമാണ് ഈ പുനര്‍പരിശോധന എങ്കിലും സെക്ഷ്വല്‍ ഐഡന്റിറ്റി ഡിസോര്‍ഡറിനെ കുറിച്ച് ഈ മൊഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നതും പാഠ്യപദ്ധതിയുടെ വൈരുദ്ധ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഭാരതീയ ന്യായ് സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത എന്നീ ഇന്ത്യന്‍ നിയമപ്രകാരം ഫോറന്‍സിക് പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ തുടങ്ങിയ കേസുകള്‍ക്ക് ഉചിതമായ വ്യവസ്ഥകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ പുനര്‍പരിശോധനയ്ക്ക് കൃത്യമായ കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പാഠ്യപദ്ധതി എന്‍.എം.സി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: medicine curriculum reforming; lesbianism considered as a sex crime