| Thursday, 20th July 2017, 9:25 pm

മെഡിക്കല്‍ കോഴവിവാദം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് സീറ്റ് അനുവദിക്കുന്നതിന് വേണ്ടി ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കും. തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ആര്‍.എസ് വിനോദ്. 5.6 കോടി രൂപ കൈപ്പറ്റിയ എന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ അര്‍.എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കമ്മീഷന്റെ അന്വേഷണത്തിനിടെ എം.ടി രമേശിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാന്‍ ഇരിക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത്.


Also read മെഡിക്കല്‍ കോഴവിവാദം; ആര്‍.എസ് വിനോദിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

We use cookies to give you the best possible experience. Learn more