തിരുവനന്തപുരം: ഭീകരാക്രമണങ്ങളില്‍ നടുങ്ങിയിരിക്കുന്ന ശ്രീലങ്കയിലേക്ക് സേവനത്തിനായി പോകാന്‍ കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘം തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതായിരിക്കുമെന്നും കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലുണ്ടായ വന്‍ സ്ഫോടനം വല്ലാതെ വേദനയുണ്ടാക്കുന്നതാണ്. നിരവധിപേര്‍ സ്ഫോടനത്തില്‍ മരണമടയുകയും നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയം വിദഗ്ധ വൈദ്യസഹായം നല്‍കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ എട്ട് സ്ഥലങ്ങളിലാണ് ഭീകരാക്രമണമുണ്ടായത്. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം 215 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയായ റസീന ഉള്‍പ്പെട്ടിരുന്നു.