'നഗരത്തിലെ ആശുപത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ ഗ്രാമങ്ങളിലെ സ്ഥിതി എന്താകും'!; യു.പിയിലെ ആശുപത്രികള്‍ ''ദൈവത്തിന്റെ കാരുണ്യം'' കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി
ലക്‌നൗ: യു.പിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ അജ്ഞാത മൃതദേഹം എന്നുപറഞ്ഞ് മൃതദേഹം സംസ്‌കരിച്ച മീററ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.
നഗരത്തിലെ ഒരു മികച്ച ആശുപത്രിയിലെ സ്ഥിതി ഇതാണെങ്കില്‍ യു.പിയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു.
‘ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അശ്രദ്ധയോടെ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിരപരാധികളായ ജനങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് തമാശ കളിക്കാനുള്ളതല്ല. ഇത്തരം അനാസ്ഥ കാണിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം’, കോടതി പറഞ്ഞു.
നേരത്തെ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മതസ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കിയ നികുതിനിയമപ്രകാരം ആനൂകുല്യം കൈപ്പറ്റുന്ന വന്‍കിട കമ്പനികള്‍ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും കോടതി പറഞ്ഞു. അത്തരം സംഭാവനകള്‍ വാക്‌സിനുകള്‍ക്കായി ഉപയോഗിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് 20 ലധികം കിടക്കകളുള്ള ഓരോ ആശുപത്രികളിലും കുറഞ്ഞത് 40 ശതമാനം കിടക്കകളെങ്കിലും തീവ്രപരിചരണ വിഭാഗത്തിനായി മാറ്റിവെയ്ക്കണമെന്ന് കോടതി അറിയിച്ചു.
മുപ്പതിലധികം കിടക്കകളുള്ള എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും രോഗികളെ ഇനിയും ദുരിതത്തിലാക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.