കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിനി ഷംന മരിച്ചതെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്.
കൂടാതെ സംഭവുമായി ബന്ധപ്പെട്ട് കളമശേരി മെഡിക്കല്‍ കോളെജിലെ രണ്ടു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ചികിത്സയിലുണ്ടായ പിഴവുകളാണ് വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണമായതെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ജോയിന്റ് ഡിഎംഒയെ തന്നെ തുടരന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനമായതും.
കഴിഞ്ഞ ജൂലൈയിലാണ് കളമശേരി മെഡിക്കല്‍ കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഷംന ആശുപത്രിയില്‍ മരണടയുന്നത്. പനി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഷംനയെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളെജില്‍ ഹാജരാക്കിയത്. പനി കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുത്തിവെയ്പ്പ് നല്‍കിയതോടെ ഷംന കുഴഞ്ഞുവീഴുകയായിരുന്നു.
അലര്‍ജിക്ക് സാധ്യതയുള്ള മരുന്നാണ് ഷംനയില്‍ കുത്തിവച്ചതെന്നാണ് പിതാവ് അബൂട്ടിയുടെ ആരോപണം. സംഭവസമയം ഷംനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഷംനയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഐസിയുവിലേക്ക് മാറ്റാന്‍ ഒരു സ്ട്രച്ചര്‍ പോലും ഉണ്ടായിരുന്നില്ല.
രോഗനിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ രോഗത്തിന് ആവശ്യമില്ലാത്ത ആന്റിബയോട്ടിക് കുത്തിവയ്പ് എടുത്തത് പ്രൊഫസറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് പരാതിയില്‍ പറയുന്നു.
കുത്തിവയ്പ്പ് എടുത്തയുടനെ ഷംന മരിച്ചെങ്കിലും തങ്ങളുടെ പിഴവല്ലെന്ന് തെളിയിക്കാനായി ഷംനയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു. ഇത് ശരിവയ്ക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.