| Wednesday, 7th August 2019, 5:38 pm

നാളത്തെ മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാജ്യ വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

മെഡിക്കല്‍ ബില്ലില്‍ ഡോക്ടര്‍മാരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ഐ.എം.എ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ഐ.എം.എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂര്‍ സമരത്തിനായിരുന്നു ആഹ്വാനം ചെയ്തത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂയെന്ന് ഐ.എം.എ കേരളഘടകവും അറിയിച്ചിരുന്നു.

എം.ബി.ബി.എസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി നല്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്. നിയമം വന്നാല്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എം.ബി.ബി.എസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും.

We use cookies to give you the best possible experience. Learn more