| Sunday, 29th November 2020, 10:38 pm

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്; ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി.

ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ഇദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതായും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കിന്റെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി. മറഡോണയുടെ അടുത്ത ബന്ധുക്കളുടെയും മറ്റും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

നേരത്തെ ചികില്‍സാപ്പിഴവാണ് മറഡോണയുടെ മരണകാരണമെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറംലോകമറിയുന്നത്.

1960 ലായിരുന്നു മറഡോണയുടെ ജനനം. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ്.

അന്താരാഷ്ട്രഫുട്ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്.

മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Medical Negligence In Maradona’s Death report says

We use cookies to give you the best possible experience. Learn more