| Wednesday, 3rd July 2019, 8:52 am

എട്ടുവസുകാരന്‍ മരിച്ചത് ചികിത്സാപ്പിഴവെന്ന് കുടുംബം; ന്യുമോണിയ ബാധിച്ച കുട്ടിയെ ചികിത്സിച്ചത് അഞ്ചാംപനിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം എട്ട് വയസുകാരന്‍ മരിച്ചെന്ന് കുടുംബം. നടവരമ്പ് ഷിബുവിന്റെ മകന്‍ ശ്രീറാമാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്.

ജൂണ്‍ 18 നാണ് ശ്രീറാമിനെ പനി ലക്ഷണങ്ങളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചാംപനിയാണെന്ന് പറഞ്ഞ് ഡോക്ടര്‍ ഷാജി ജേക്കബ് ചികിത്സ ആരംഭിച്ചു. പനിയും ഛര്‍ദ്ദിയും മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ സമീപിച്ചു. സ്‌കാന്‍ എടുക്കാനായിരുന്നു മറുപടി. സ്‌കാനിംഗിലാണ് കുട്ടിക്ക് ന്യൂമോണിയയാണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടെന്നും വ്യക്തമായതെന്ന് കുടുംബം

തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്രീറാമിനെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗ നിര്‍ണയത്തിലെ പിഴവ് മൂലമാണ് മകന്‍ മരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇവര്‍.

അതേസമയം, രോഗ നിര്‍ണയത്തില്‍ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ചികിത്സ തേടിയെത്തുമ്പോള്‍ ശ്രീറാമിന് ന്യൂമോണിയ ലക്ഷണങ്ങളുണ്ടായിരുന്നില്ല. കുട്ടിയെ അഡ്മിറ്റ് ചെയ്യാനുള്ള നിര്‍ദേശം രക്ഷിതാക്കള്‍ പാലിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more