| Wednesday, 21st December 2022, 4:20 pm

മാസ്‌കുകള്‍ തിരിച്ചെത്തുന്നു; കൊവിഡ് വ്യാപനത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനയില്‍ കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും മുന്‍കരുതലുകള്‍ ശക്തമാക്കുന്നു. ജനങ്ങള്‍ അവശ്യ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നത തല യോഗത്തില്‍ നിലവിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് വിലയിരുത്തി. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണോയെന്നും യോഗത്തില്‍ പരിശോധിച്ചു.

യോഗവിവരങ്ങള്‍ ആരോഗ്യമന്ത്രി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ചില രാജ്യങ്ങള്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി രാജ്യത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചു. കൊവിഡ് ഇതുവരെയും പൂര്‍ണമായും ഒഴിഞ്ഞു പോയിട്ടില്ല.

എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും നിരീക്ഷണം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ നമ്മള്‍ തയ്യാറാണ്,’ മന്‍സുഖ് മാണ്ഡവ്യയുടെ പോസ്റ്റില്‍ പറയുന്നു.

മന്ത്രിയുടെ ട്വീറ്റിന് പിന്നാലെ നീതി ആയോഗിലെ ആരോഗ്യ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. വിനോദ് കുമാര്‍ പോള്‍, പഴയതുപോലെ മാസ്‌ക് ധരിക്കുന്ന ശീലത്തിലേക്ക് മടങ്ങണമെന്ന് നിര്‍ദേശിച്ചു. കൊവിഡ് വാക്‌സിനെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിരക്കുള്ള സ്ഥലമാണെങ്കില്‍, ഇന്‍ഡോറാണെങ്കിലും ഔട്ട്‌ഡോറാണെങ്കിലും മാസ്‌ക് ധരിക്കണം. പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചു പുലര്‍ത്തണം. രാജ്യത്ത് ഇതുവരെ 28% പേരേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ബാക്കിയെല്ലാവരും, പ്രത്യേകിച്ച് പ്രായമായവര്‍ എത്രയും വേഗം വാക്‌സിനെടുക്കണം,’ ഡോ. വിനോദ് കുമാര്‍ പോള്‍ പറഞ്ഞു.

അതേസമയം, ചൈനയില്‍ കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലോ മരണസംഖ്യയിലോ കാര്യമായ വര്‍ധന ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല.

Content Highlight: Medical experts asks people to wear masks as covid rises in China

We use cookies to give you the best possible experience. Learn more