| Friday, 29th April 2016, 10:12 am

ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്.

ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണ്. പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞു.

മെഡിക്കല്‍ പ്രവേശനത്തിന് ഇനി മുതല്‍ ഏകീകൃത പരിക്ഷ നടത്താന്‍ സുപ്രീം കോടതി  വ്യാഴാഴ്ചയാണ് ഉത്തരവിട്ടിരുന്നത്. രണ്ട് ഘട്ടമായി മെയ് ഒന്നിനും ജൂലൈ 24 നുമാണ് പരീക്ഷകള്‍ നടക്കുക. ഇതോടെ  സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ റദ്ദാകും.

അതേസമയം, മെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഏകീകൃത പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥികളും അറിയിച്ചു.

വീണ്ടും പരീക്ഷ എഴുതുന്ന കാര്യം ചിന്തിക്കാന്‍പോലും കഴിയില്ലെന്നും ഇവര്‍ പറയുന്നു.

ബിരുദ കോഴ്‌സുകള്‍ക്ക് 2016-17 അധ്യയന വര്‍ഷത്തേക്കുള്ള പൊതു പ്രവേശന പരീക്ഷ രണ്ടു ഘട്ടമായി നടത്താനാണു സുപ്രീം കോടതി ഉത്തരവിട്ടത്.

ഭരണഘടന ബഞ്ചിന്റെ ഉത്തരവ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് കോടതി പറഞ്ഞിരുന്നു.മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഈ വര്‍ഷം തന്നെ പൊതുപ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും  ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. സി.ബി.എസ്.സി ക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. വിധി സ്വാഗതാര്‍ഹമെന്ന് െ്രെകസ്തവ മാനേജുമെന്റും എം.ഇ.എസും പ്രതികരിച്ചിരുന്നു.

ജഡ്ജിമാരായ അനില്‍ ആര്‍.ദവെ, ശിവ കീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ ബെഞ്ച്, ഏതാനും സംസ്ഥാനങ്ങള്‍ ഉന്നയിച്ച എതിര്‍പ്പു തള്ളിക്കളയുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more