ബ്രസീലിയ: പോഷകാഹാരക്കുറവും അനധികൃത സ്വര്‍ണ ഖനനം മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും കാരണം കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബ്രസീലിലെ യാനോമാമി (Yanomami) പ്രദേശത്ത് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം.
വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് പ്രസിഡന്റ് ലുല ഡ സില്‍വയുടെ ഉത്തരവ് പുറത്തുവന്നത്.
വെനസ്വേലയുടെ അതിര്‍ത്തിയിലുള്ള ബ്രസീലിലെ ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ്
യാനോമാമി. ഇവിടത്തെ ജനങ്ങള്‍ക്ക് വേണ്ട ആരോഗ്യ സേവനങ്ങള്‍ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
”ഒരു മാനുഷിക പ്രതിസന്ധി എന്നതിലുപരി, റൊറൈമയില്‍ ഞാന്‍ കണ്ടത് വംശഹത്യയാണ്. യാനോമാമിക്കെതിരെയുള്ള മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യം.
Mais que uma crise humanitária, o que vi em Roraima foi um genocídio. Um crime premeditado contra os Yanomami, cometido por um governo insensível ao sofrimento do povo brasileiro.
ജനങ്ങളുടെ കഷ്ടപ്പാടുകളോട് യാതൊരു തരത്തിലുമുള്ള അനുകമ്പയോ വിവേകമോ ഇല്ലാത്ത ഒരു സര്‍ക്കാര്‍ (മുന്‍ ബോള്‍സൊനാരോ സര്‍ക്കാര്‍) ചെയ്ത കുറ്റകൃത്യം,” ലുല ട്വീറ്റ് ചെയ്തു.
യാനോമാമിക്ക് വേണ്ടി സര്‍ക്കാര്‍ വിവിധ ഭക്ഷ്യ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയുടെ ഭരണകാലമായ നാല് വര്‍ഷത്തില്‍, യനോമാമിയിലെ 570 കുട്ടികളായിരുന്നു ഭേദമാക്കാമായിരുന്ന രോഗങ്ങള്‍ മൂലം മരണപ്പെട്ടതെന്ന് ആമസോണ്‍ ജേണലിസം പ്ലാറ്റ്‌ഫോം സുമൗമ (Sumauma) റിപ്പോര്‍ട്ട് ചെയ്തു.
പോഷകാഹാരക്കുറവ്, മലേറിയ, വയറിളക്കം, സ്വര്‍ണ്ണ ഖനിത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന മെര്‍ക്കുറി മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും കുട്ടികളെ ബാധിച്ചിരുന്നത്.
Content Highlight: Medical emergency declared In Brazil Yanomami territory After Children Die Of Malnutrition and Other Diseases