സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അനധികൃത അവധി; ആരോഗ്യവകുപ്പ് കൂട്ടനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
Kerala News
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അനധികൃത അവധി; ആരോഗ്യവകുപ്പ് കൂട്ടനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2024, 8:35 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അനധികൃത അവധിയില്‍ നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്.

2016 മുതലുള്ള അനധികൃത അവധികളില്‍ നടപടിയെടുക്കാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2016 മുതല്‍ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികപ്പെടുത്തിയിട്ടുണ്ട്. അവധിയിലുള്ളവരുടെ പേര്, സ്ഥാപനം, അവധി തുടങ്ങിയ തീയതി അടക്കം ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്.

കൂട്ട നടപടിക്ക് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വരുന്ന 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് അറിയിപ്പ്. ജോലിയില്‍ പുനര്‍ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തിരികെ വരാമെന്നും ഇനിയൊരു അവസരം ലഭിച്ചെന്ന് വരില്ലെന്നും മന്ത്രി പറഞ്ഞതായും 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഡിജിറ്റല്‍ അപ്ലിക്കേഷന്‍ വഴി മാത്രമേ ഇനി അപേക്ഷ സ്വീകരിക്കുകയുള്ളു. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളിലെ കൂട്ട അവധിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടിയെടുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം എസ്.ടി ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നഴ്‌സിങ് ജീവനക്കാരുടെ കുറവ് തുടരുന്ന സാഹര്യത്തിലാണ് 84 പേര്‍ അനധികൃത അവധിയിലുള്ളത്.

നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നഴ്‌സിങ് ഓഫീസര്‍, നഴ്‌സിങ് ഓഫീസര്‍ ഗ്രേഡ് വണ്‍ തസ്തികകളില്‍ അനധികൃത അവധിയിലുള്ളവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: Medical Education Department to take action on illegal leave in government medical colleges in the state