വിലകുറവില്‍ ലഭിച്ച നിലവാരമുള്ള മരുന്ന് മെഡിക്കല്‍ കോര്‍പറേഷന്‍ തിരിച്ചയച്ചു
Daily News
വിലകുറവില്‍ ലഭിച്ച നിലവാരമുള്ള മരുന്ന് മെഡിക്കല്‍ കോര്‍പറേഷന്‍ തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th June 2014, 11:14 am

medicine[] ആലപ്പുഴ: സ്വകാര്യ ലാബിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞ് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിയില്‍ നിര്‍മിച്ച ഗുണനിലവാരമുള്ള മരുന്നുകള്‍ അധികൃതര്‍ തിരിച്ചയച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയതനുസരിച്ച് നിര്‍മിച്ച മരുന്നുകളാണ് തിരിച്ചയച്ചത്.

കഴിഞ്ഞ ദിവസം കെ.എസ്.ഡി.പി തിരുവനന്തപുരത്ത് എത്തിച്ച 13 ഇനം മരുന്നുകളില്‍ മഴക്കാലത്ത് ഉപയോഗിക്കുന്ന ഏഴിനങ്ങളാണ് മടക്കിയയച്ചത്. പൊതുവിപണിയില്‍ 12 രൂപ വരെ വിലയുണ്ടായിട്ടും 1.65 രൂപയ്ക്ക് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന അമോക്‌സിലിന്‍ ആന്റിബയോട്ടിക്, വയറിളക്ക രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒ.ആര്‍.എസ് ലായനി പായ്ക്കറ്റുകള്‍, മന്ത് പ്രതിരോധമരുന്നായ ഡി.ഇ.സി, ഗ്ലിസറിന്‍ എന്നിവയും തിരിച്ചയച്ചവയില്‍പ്പെടും.

തൃപ്പൂണിത്തുറയിലെ സ്വകാര്യ ലാബില്‍നിന്നുള്ള ഗുണനിലവാര സര്‍ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് മരുന്ന് തിരിച്ചയക്കുന്നതെന്നാണ് കെ.എം.സി.എല്‍ നല്‍കിയ കത്തില്‍ പറയുന്നത്. മഴക്കാല രോഗങ്ങള്‍ക്കുള്ള മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയ മെഡിക്കല്‍ കോര്‍പറേഷന്‍ തന്നെയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ മരുന്ന് തിരിച്ചയച്ചത്.

ഇപ്പോള്‍ തിരിച്ചയച്ച വിഭാഗത്തിലുള്ള മരുന്നുകളെല്ലാം സ്വകാര്യകമ്പനികളില്‍ നിന്ന് കൂടിയ വിലക്ക് വാങ്ങുകയാണ് കെ.എം.സി.എല്‍. വന്‍തുക ഇതിലൂടെ കമ്മീഷന്‍ ലഭിക്കുന്നതാണ് കാരണം. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിക്കുമേല്‍ സ്വകാര്യ ലോബിയുടെ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.