| Tuesday, 15th July 2014, 6:30 pm

കേരളത്തിലെ 400 എം.ബി.ബി.എസ് സീറ്റുകള്‍ വെട്ടിക്കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കേരളത്തിലെ   400 എം.ബി.ബി.എസ് സീറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 2014-2015 അദ്ധ്യായന വര്‍ഷം മുതലാണ് സീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

മഞ്ചേരി, കണ്ണൂര്‍, മലബാര്‍  ഉള്‍പ്പടെയുള്ള മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളാണ് വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള മെഡിക്കല്‍ കോളേജ് സീറ്റുകളുടെ എണ്ണം 2760 ആയി.

രാജ്യത്തെ 3220 സീറ്റുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും അധികം സീറ്റുകള്‍ കുറച്ചിരിക്കുന്നത് തമിഴ്‌നാടിന്റേതാണ്. 750 സീറ്റുകളാണ് കുറച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത് . 665 സീററുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു.

ഇത് സംബന്ധിച്ച് കേരളത്തോട് മെഡിക്കല്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ കേരളം നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സീറ്റുകള്‍ കുറയ്ക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.

അതേ സമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് 300  സീറ്റുകള്‍ കൂടി അനുവദിച്ചു. മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളേജുകള്‍ക്ക് 100 സീറ്റു വീതം അനുവദിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് 50 സീറ്റു വീതവും അനുവദിച്ചു.
രാജ്യത്താകെ നാല്‍പത്തിയഞ്ച് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്.  പതിനാറ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്നും ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യ സഭയില്‍ രേഖാ മൂലം  വിശദാംശങ്ങള്‍  നല്‍കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more