| Wednesday, 17th January 2018, 3:13 pm

ജഡ്ജിമാരെ സ്വാധീനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍സംഭാഷണം; സി.ബി.ഐയക്കെതിരെ നടപടിയെടുക്കണമെന്ന് മെഡിക്കല്‍കോളേജ് കോഴ കേസിലുള്‍പ്പെട്ട മുന്‍ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ലഖ്‌നൗ മെഡിക്കല്‍ കോളേജ് അഴിമതിക്കേസില്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്നാരോപിച്ച് മുന്‍ ഹൈക്കോടതി ജഡ്ജിയും കുറ്റാരോപിതനുമായ ഐ.എം ഖുദ്ദുസി കോടതിയെ സമീപിച്ചു. ഖുദുസ്സിയുടെ ഹര്‍ജിയില്‍ വിശദീകരണമാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി സി.ബി.ഐയ്ക്ക് നോട്ടീസയച്ചു.

ഫോണ്‍ സംഭാഷണം ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്ത് പുറത്താക്കിയത് എന്‍.ജി.ഒ ആയ കണ്‍വീനര്‍ ഓഫ് ക്യാമ്പെയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് ആയിരുന്നു. സംഭാഷണം ചോര്‍ത്തി നല്‍കിയത് സി.ബി.ഐ ആണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഖുദ്ദുസി കോടതിയെ സമീപിച്ചിരിക്കുന്നത്.

തങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കോളജ് അധികൃതര്‍ പദ്ധതിയിട്ടു എന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ സംഭാഷണമെന്ന് ദ വയറിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഐ.എം ഖുദ്ദുസി, മധ്യസ്ഥനായ വിശ്വനാഥ് അഗര്‍വാല, പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിലെ ബി.പി യാദവ് എന്നിവരുടെ ഫോണ്‍കോള്‍ സംഭാഷണങ്ങളാണ് ദ വയര്‍ പുറത്തുവിട്ടിരുന്നത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയ പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന ഗ്ലോകല്‍ മെഡിക്കല്‍ കോളജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് ട്രസ്റ്റ് സുപ്രീം കോടതിയെയും അലഹബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ വേളയില്‍ 2017 സെപ്റ്റംബര്‍ മൂന്ന്, നാല് ദിവസങ്ങളായി നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കോളജിന് എങ്ങനെ അംഗീകാരം നേടിയെടുക്കാം, എം.സി.ഐ ബാങ്ക് ഗ്യാരണ്ടി പിടിക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഫോണില്‍ ബി.പി യാദവ് ഖുദ്ദുസിയുമായും അഗര്‍വാലയുമായും സംസാരിക്കുന്നത്.

2017 ആഗസ്റ്റിനും 2017 സെപ്റ്റംബറിനും ഇടയില്‍ നടന്ന വാദം കേള്‍ക്കലില്‍ പലതവണ സുപ്രീം കോടതി ട്രസറ്റിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവുകളെല്ലാം. എം.സി.ഐ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഗ്ലോകല്‍ മെഡിക്കല്‍ കോളജിനു പുറമേ 46 കോളജുകളെ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഈ കോളജുകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഇതേ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെക്കുകയാണുണ്ടായത്.

We use cookies to give you the best possible experience. Learn more