“അവര്‍ ഗവണ്‍മെന്റ് നഴ്സുമാരല്ലെ അവര്‍ക്കൊക്കെ സുഖമാണ് പാവം സ്വകാര്യ കോളെജിലെ നഴ്‌സുമാര്‍ക്കാണ് ദുരിതം” സ്വകാര്യ നഴ്സുമാരുടെ സമരത്തിനിടെ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റായിരുന്നു ഇത്. ഗവണ്‍മെന്റ് കോളെജിലെ നഴ്സുമാര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും ശമ്പളവും കിട്ടുന്നു എന്നത്.
എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഡി.എം.ഇ സറ്റാഫ് നഴ്സുമാര്‍ക്ക് വേതനം ലഭിച്ചിട്ടില്ല. ഗവണ്‍മെന്റ് നഴ്സിംഗ് കോളെജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റലുകളില്‍ ഒരു വര്‍ഷം ജോലി കൊടുക്കണം. ഡി.എം.ഇ പോസ്റ്റ് എന്ന് അറിയപ്പെടുന്ന ഈ പോസ്റ്റില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് 27500 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്.
ഡി.എം.ഇ അഥവാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിക്കല്‍ എഡ്യുകേഷന് കീഴിലുള്ള ജനറല്‍ നഴ്സിങ്, സ്‌ക്കൂള്‍ ഓഫ് നഴ്സിങ്, കൂടെ ബി.എസ്.സി നഴ്സിങ് കഴിഞ്ഞ ഇന്റേര്‍ണ്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് ഡി.എം.ഇ സ്റ്റാഫ് നഴ്സുമാരായി ജോലി നല്‍കുന്നത്. വേതനം മുടങ്ങിയതോടെ ഹോസ്റ്റല്‍ ഫീസോ മെസ് ഫീസോ പോലും അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ഡി.എം.ഇ സ്റ്റാഫ് നഴ്സുമാര്‍ പറയുന്നത്.
വേതനം ലഭിക്കാത്തതുകാരണം പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഡി.എം.ഇ സ്റ്റാഫ് നഴ്സായ രേഷ്മ പറയുന്നത്.
” സാധാരണ ഞങ്ങള്‍ക്ക് മാസം പകുതിയായിട്ടൊക്കെയാണ് ശമ്പളം ലഭിക്കുക അതുകൊണ്ട് തന്നെ നമുക്ക് ശമ്പളം കിട്ടാതായപ്പോള്‍ ആദ്യം ഒന്നും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീടും ശമ്പളം കിട്ടാതെ ആയപ്പോള്‍ ആണ് കാര്യം അന്വേഷിച്ചത്. ഒരു വര്‍ഷം നിര്‍ബന്ധമായും ഈ ജോലി ചെയ്യണം എന്ന് നിര്‍ബന്ധമൊന്നുമില്ല. കാരണം സ്റ്റാഫ് ഇല്ലാത്ത ഇടങ്ങളില്‍ ആണ് പോസ്റ്റിങ്. അപ്പോള്‍ പ്രതിഷേധവുമായി ഒക്കെ പോയാല്‍ ടെര്‍മിനേറ്റ് ചെയ്യാനൊക്കെ എളുപ്പം സാധിക്കും” രേഷ്മ പറയുന്നു.
വീട്ടില്‍ നിന്ന് വീണ്ടും കാശ് ചോദിക്കാ എന്നത് പറ്റുന്ന കാര്യമല്ല. ജോലികിട്ടിയിട്ടും എന്തിനാണ് വീണ്ടും കാശ് എന്ന ചോദ്യം വരും പലപ്പോഴും കാശ് കടം വാങ്ങിയാണ് വീട്ടില്‍ പോകുന്നത്. ശമ്പളം കിട്ടാത്തതിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ പലരും പലതാണ് പറയുന്നതെന്നും രേഷ്മ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് പലരും പല കാര്യങ്ങളാണ് വേതനം വൈകുന്നതിന് പറയുന്നതെന്നാണ് ഡി.എം.ഇ സ്റ്റാഫ് നഴ്സായ അബില്‍ രാജ് പറയുന്നത്.
വേതനം കിട്ടാത്തതിനെ തുടര്‍ന്ന് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ട്രഷറിയില്‍ ഉള്ള പ്രശ്നം ആണെന്നാണ് പറഞ്ഞത്. തുടര്‍ന്ന് ട്രഷറിയില്‍ പോയി അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു അക്കൗണ്ട് ഹെഡ് മാറിയതാണ് പ്രശ്നമെന്ന്. പക്ഷേ അതുമാറ്റേണ്ടത് ഓഫീസില്‍ നിന്നാണ് എന്നാണ്. അങ്ങിനെ ഇപ്പോള്‍ മൂന്ന് മാസമായി. മറ്റുള്ള കോളെജുകളിലെ അവസ്ഥ എന്താണ് എന്ന് വ്യക്തമല്ല. ഇപ്പോള്‍ ഡി.എം.ഇ ബോണ്ടഡ് സ്റ്റാഫിന്റെ സാലറി അക്കൗണ്ട് വേണം എന്നാണ് പറയുന്നത്. അത് ശരിയായിട്ടും എന്താണ് വൈകുന്നതെന്ന് അറിയില്ല”” അബില്‍ പറയുന്നു.
വേതനത്തിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞുകൊണ്ട് മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും വിവിധ സംഘടനകള്‍ക്കും അപേക്ഷ നല്‍കിയിരുന്നു. അതിന്റെ നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് അവര്‍ പറഞ്ഞത്. പലരും പല കാര്യങ്ങളും പറയുന്നത് കൊണ്ട് കൃത്യമായ ഒരു കാര്യം അറിയില്ല എന്നും അബില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഡി.എം.ഇ സ്റ്റാഫുകളുടെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും വേതനം വൈകുന്ന കാര്യം വളരെയധികം സങ്കടം ഉണ്ടാക്കുന്ന കാര്യമാണെന്നും ഇതില്‍ ഉടനെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച ചെയ്തിരുന്നെന്നുമാണ് കേരള ഗവണ്‍മെന്റ് നഴ്സിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ ഉഷാ ദേവി ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. ഇത് ഉദ്യോഗ്യസ്ഥരുടെ ഭാഗത്ത് നിന്നുവന്ന കാലതാമസമാണെന്നും ഉഷാദേവി കൂട്ടി ചേര്‍ക്കുന്നു.
തങ്ങളുടെ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ലെങ്കില്‍ പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിവന്നാല്‍ സമരം ചെയ്യാനും തയ്യാറാണെന്നാണ് ഡി.എം.ഇ സ്റ്റാഫ് നഴ്സായ അബില്‍ പറയുന്നത്.
എന്നാല്‍ ഡി.എം.ഇ സ്റ്റാഫ് നഴ്സുമാര്‍ക്ക് വേതനം ഉടന്‍ തന്നെ ലഭിക്കുമെന്ന് കേരള ഗവണ്‍മെന്റ് നഴ്സിങ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഉദയകുമാര്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. “”ഡി.എം.ഇ സ്റ്റാഫ് നഴ്സുമാര്‍ക്ക്വേതനം വൈകാന്‍ കാരണമെന്താണെന്ന് അറിയില്ല. ഇങ്ങനെ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചിരുന്നു. കുറച്ച് ക്ലറിക്കല്‍ പ്രശ്നമാണെന്നാണ് അറിയാന്‍ കഴിഞ്ഞത് ഉടനെ തന്നെ അവര്‍ക്ക വേതനം ലഭിക്കുമെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.