[] കോഴിക്കോട്: കുറ്റിപ്പുറം നടുവണ്ണം സ്വദേശി 80കാരനായ കുഞ്ഞുണ്ണി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ യാതൊരു കുഴപ്പവുമില്ലാതിരുന്ന ഇദ്ദേഹത്തിന് പെട്ടന്നായിരുന്നു ആശുപത്രി അധികൃതര്‍ മൂക്കില്‍ ട്യൂബിട്ടത്.
എന്നാല്‍ ഇതേ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന കമ്മുണ്ണി എന്ന മറ്റൊരു രോഗിയാകട്ടെ മൂക്കില്‍ ട്യൂബിടുന്നടും കാത്തുകിടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ട്യൂബ് നിര്‍ദേശിക്കുകയായിരുന്നു.
എന്തിനാണ് മൂക്കില്‍ ട്യൂബിട്ടതെന്നതെന്നറിയാതെ കുഴങ്ങുകയായിരുന്നു ഈ സമയം കുഞ്ഞുണ്ണി. മൂക്കില്‍ ട്യൂബ് കയറ്റിയതിനാല്‍ ഭക്ഷണം കഴിക്കാനാകാതെ ഇദ്ദേഹം പ്രയാസപ്പെട്ടു. എന്നാല്‍ കമ്മുണ്ണിയാകട്ടെ ട്യൂബിടാത്തതിനാല്‍ ഭക്ഷണം ഉള്ളിലിത്താതെയും കഷ്ടത്തിലായി.
ഡോക്ടറോട് ഞങ്ങളുടെ രോഗിക്ക് ട്യൂബിട്ടിട്ടില്ല സിസ്റ്ററേ എന്ന് പരാതിപ്പെട്ടപ്പോഴാകട്ടെ ഡോക്ടരെ അറിയാതെ സിസ്റ്ററേ എന്ന് വിളിച്ചതിനുള്ള ശകാരമായിരുന്നു കേഥട്ടത്. പിന്നീടാണ് ആളു മാറി കമ്മുണ്ണിക്കിടേണ്ട ട്യൂബ് കുഞ്ഞുണ്ണിക്കിടുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ഒടുവില്‍ നഴ്‌സുമാര്‍ വന്ന് ട്യൂബ് മാറ്റിയിട്ടു.
അതേസമയം സംഭവം അറിഞ്ഞിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. രണ്ട് രോഗികളെ കഷ്ടത്തിലാക്കിയ ഡോക്ടര്‍മാരാകട്ടെ ക്ഷമ പോലും ചോദിക്കാന്‍ തയ്യാറായതുമില്ല.