ന്യൂദല്‍ഹി: ഗ്ലോകല്‍ മെഡിക്കല്‍ കോളജ് കോഴ അഴിമതിയില്‍ കോളജ് അധികൃതര്‍ മുന്‍ ഹൈക്കോടതി ജഡ്ജിയുള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. തങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കോളജ് അധികൃതര്‍ പദ്ധതിയിട്ടു എന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ സംഭാഷണമെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മെഡിക്കല്‍ കോളജ് കോഴ അഴിമതിക്കേസില്‍ ആരോപണ വിധേയരായ ഒഡീഷ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി ഐ.എം ഖുദുസ്സി, മധ്യസ്ഥനായ വിശ്വനാഥ് അഗര്‍വാല, പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിലെ ബി.പി യാദവ് എന്നിവരുടെ ഫോണ്‍കോള്‍ സംഭാഷണങ്ങളാണ് ദ വയര്‍ പുറത്തുവിട്ടിരിക്കുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയ പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന ഗ്ലോകല്‍ മെഡിക്കല്‍ കോളജ് ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് ട്രസ്റ്റ് സുപ്രീം കോടതിയെയും അലഹബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ വേളയില്‍ 2017 സെപ്റ്റംബര്‍ മൂന്ന്, നാല് ദിവസങ്ങളായി നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കോളജിന് എങ്ങനെ അംഗീകാരം നേടിയെടുക്കാം, എം.സി.ഐ ബാങ്ക് ഗ്യാരണ്ടി പിടിക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഫോണില്‍ ബി.പി യാദവ് ഖുദുസ്സിയുമായും അഗര്‍വാലയുമായും സംസാരിക്കുന്നത്.
2017 ആഗസ്റ്റിനും 2017 സെപ്റ്റംബറിനും ഇടയില്‍ നടന്ന വാദം കേള്‍ക്കലില്‍ പലതവണ സുപ്രീം കോടതി ട്രസറ്റിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവുകളെല്ലാം. എം.സി.ഐ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഗ്ലോകല്‍ മെഡിക്കല്‍ കോളജിനു പുറമേ 46 കോളജുകളെ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഈ കോളജുകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഇതേ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെക്കുകയാണുണ്ടായത്.
ഗ്ലോകല്‍ കോളജിന്റെ വിഷയത്തിലുണ്ടായ കോടതി വിധികള്‍:
2017 ആഗസ്റ്റ് 1: കോളജുമായി ബന്ധപ്പെട്ട മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശകള്‍ പുനപരിശോധിക്കണമെന്ന് ചീഫ് ജസറ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാറിനോട് ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവിനു പിന്നാലെ ആഗസ്റ്റ് മൂന്നിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കോളജിന്റെ വാദം കേട്ടശേഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതില്ലയെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും കോളജ് ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ രണ്ടുകോടി രൂപ വസൂലാക്കാന്‍ എം.സി.ഐയെ അനുവദിക്കുകയും ചെയ്തു.
2017 ആഗസ്റ്റ് 24: കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവര്‍ പിന്നീട് ആ ഹര്‍ജി പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തന്നെയാണ് റിട്ട് ഹര്‍ജി പിന്‍വലിക്കാന്‍ ട്രസ്റ്റിനെ അനുവദിച്ചതും ഇതിനകം സമീപിച്ച അലഹബാദ് ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ അനുവദിച്ചതും. കേന്ദ്രസര്‍ക്കാര്‍ വിലക്കിയ മറ്റു കോളജുകള്‍ക്കെല്ലാം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സുപ്രീം കോടതിയുടെ അതേ ബെഞ്ച് ഗ്ലോകല്‍ കോളജിന് അനുകൂലമായ നടപടിയെടുത്തത് അസാധാരണ നടപടിയായി പലരും കണ്ടിരുന്നു.
2017 ആഗസ്റ്റ് 25: പിറ്റേദിവസം തന്നെ കേസു പരിഗണിച്ച അലഹബാദ് ഹൈക്കോടതി പ്രവേശന നടപടികളും കൗണ്‍സിലിങ്ങും തുടരാന്‍ ട്രസ്റ്റിനെ അനുവദിക്കുകയും ഇവരുടെ ബാങ്ക് ഗ്യാരണ്ടി വസൂലക്കരുതെന്ന് എം.സി.ഐയോട് ആവശ്യപ്പെടുകയും ചെയ്തു. ജസ്റ്റിസ് നാരായണ്‍ ശുക്ല അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
2017, ആഗസ്റ്റ് 29: അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ എം.സി.ഐ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ജസ്റ്റിസ് മിശ്രയുടെ ട്രസ്റ്റിന്റെ റിട്ട് ഹര്‍ജി തള്ളുകയും അതേസമയം, ഭരണഘടനയിലെ 32ാം ആര്‍ട്ടിക്കിള്‍ പ്രകാരം മേല്‍ക്കോടതിയെ സമീപിക്കാന്‍ ട്രസ്റ്റിനെ അനുവദിക്കുകയും ചെയ്തിരുന്നു. “എം.സിഐ ബാങ്ക് ഗ്യാരണ്ടി വസൂലാക്കില്ലെന്നതൊഴിച്ചാല്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ തങ്ങള്‍ക്ക് അനുകൂലമായി ഒനനുമില്ലെന്നാണ്” ട്രസ്റ്റ് അവകാശപ്പെട്ടത്. എന്നാല്‍ റിട്ട് ഹര്‍ജി തള്ളിയെങ്കിലും ട്രസ്റ്റിനെ കൗണ്‍സിലിങ് സെഷനുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയിരുന്നില്ല.
2017 സെപ്റ്റംബര്‍ 4: ട്രസ്റ്റ് ഫയല്‍ ചെയ്ത പുതിയ റിട്ട് ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് മിശ്ര നോട്ടീസ് പുറപ്പെടുവിച്ചു.
2017 സെപ്റ്റംബര്‍ 18: ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് 2017-18 വര്‍ഷത്തേക്ക് അംഗീകാരം പുതുക്കി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ബാങ്ക് ഗ്യാരണ്ടി വസൂലാക്കരുതെന്ന് എം.സി.ഐയോട് നിര്‍ദേശിച്ചു. “2018-19വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അവരുടെ പരിശോധനാ സംഘത്തെ സ്ഥാപനത്തിലേക്ക് അയക്കണം” എന്നാണ് കോടതി ഉത്തരവിട്ടത്. 2017-18 വര്‍ഷത്തേക്കും 2018-19 വര്‍ഷത്തേക്കുമായിരുന്നു ഗ്ലോകല്‍ കോളജിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.