തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനവും സേവന നിലവാരവും മെച്ചപ്പെടുത്തി തിരുവന്ത മെഡിക്കല്‍ കോളേജുകള്‍.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി വിജയമായതോടെയാണ് കൂടുതല്‍ മെഡിക്കല്‍ കോളേജുകളിലേക്ക് ഇത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.
ചികിത്സാരംഗത്തും അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം.
അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി റെഡ്, ഗ്രീന്‍, യെല്ലോ സോണുകളായി തിരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗതീവ്രതയനുസരിച്ച് ടാഗുകള്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍ക്ക് ക്യൂ നില്‍ക്കാതെ ചികിത്സ നേടാം. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത വിഭാഗത്തില്‍ ഏകോപിപ്പിച്ച് നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നപരിഹാരത്തിന് ആരോഗ്യവകുപ്പ് ദൈനംദിന നടത്തിപ്പ് സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
സമിതി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുകയും ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ് ഈ മികവിലേക്ക് എത്തിച്ചത്.
Content Highlights: Medical College as a Center of Excellence