Kerala News
വയറ് തുന്നാതെ വിട്ടത് അണുബാധയുണ്ടായതിനാല്‍; ഷീബയുടെ ശസ്ത്രക്രിയയില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 22, 08:16 am
Wednesday, 22nd March 2023, 1:46 pm

തിരുവനന്തപുരം: പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയുടെ വയറ് ഓപ്പറേഷന് ശേഷം തുന്നാതെ വിട്ട നടപടിയില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് അധികൃതര്‍.

ചികിത്സയുടെ ഭാഗമായാണ് മുറിവ് തുന്നാതെ വിട്ടതെന്നും ഷീബയുടെ സമ്മതപ്രകാരമാണ് അങ്ങനെ ചെയ്തതെന്നും മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. റോസ്‌നാര ബീഗം പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ എം.എല്‍.എ കെ.ബി. ഗണേഷ് കുമാറാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

തന്റെ മണ്ഡലത്തിലെ യുവതിയുടെ വയറ് ശസ്ത്രക്രിയയുടെ പേരില്‍ തുന്നാതെ വിട്ടെന്നും ചികിത്സാ പിഴവ് വരുത്തുന്ന ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടുന്നത് നല്ലതാണെന്നുമാണ് എം.എല്‍.എ പറഞ്ഞത്.

തുടര്‍ന്ന് ഷീബയുടെ കേസില്‍ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യ മന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ കേസിലാണ് വിശദീകരണവുമായി മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറില്‍ അണുബാധ രൂക്ഷമായിരുന്നു. അതുകൊണ്ട് മുറിവ് തുറന്നിട്ട് പതുക്കെ ഉണങ്ങുന്ന ചികിത്സയാണ് നിര്‍ദേശിച്ചത്. ശാസ്ത്രീയമായ ചികിത്സാ രീതിയാണത്. ഏഴ് തവണയാണ് ഷീബ ശസ്ത്രക്രിയക്ക് വിധേയയായിട്ടുള്ളത്.

അതിന് ശേഷമാണ് അവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. മുറിവിലെ പഴുപ്പ് പരിശോധിച്ചപ്പോള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന രോഗാണു കണ്ടെത്തിയിരുന്നു.

അതുകൊണ്ട് തന്നെ പലതവണ ശസ്ത്രക്രിയ നടത്തിയിട്ടും മുറിവ് ഉണങ്ങിയില്ല. ഷീബയെ വീട്ടിലേക്കയച്ചത് അണുബാധ ഏല്‍ക്കാതിരിക്കാനാണ്. അവരുടെ സമ്മത പ്രകാരമാണ് എല്ലാം ചെയ്തത്,’ ഡോ. റോസ്‌നാര പറഞ്ഞു.

നിയമസഭയിലെ ഗണേഷ് കുമാറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എം.എല്‍.എയുടെ പ്രസ്താവന കലാപ  ആഹ്വാനമാണെന്നും കേരളത്തിന്റെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നുമായിരുന്നു ഐ.എം.എയുടെ പ്രതികരണം. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി സമരത്തിനും ഐ.എം.എ നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: Medical collage association comment on sheeba case