| Thursday, 19th April 2018, 10:15 pm

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കാരണം പൊലീസ് മര്‍ദ്ദനം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ചത് മര്‍ദ്ദനം കൊണ്ട് തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സ്ഥിരീകരണം. അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഈ പരിക്കുണ്ടായതെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിഗമനത്തിലെത്തി.

പ്രത്യേക അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പൊലീസ് മര്‍ദ്ദനം തന്നെയാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് പറഞ്ഞത്. അടിവയറ്റിനേറ്റ ഒറ്റക്ഷതമാണ് മരണകാരണമെന്നാണ് ബോര്‍ഡിന്റെ സ്ഥിരീകരണം. മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞ് പോയിരുന്നു.


Read | ‘ഇത് വിജയാഹ്ലാദ റാലിയല്ല’; കര്‍ണാടകയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം നല്‍കാന്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി


ഇത്തരത്തില്‍ മാരക ക്ഷതമേറ്റ ഒരാള്‍ക്ക് പരമാവധി ആറുമണിക്കൂര്‍ മാത്രമേ സാധാരണ പോലെ പെരുമാറാന്‍ പറ്റൂവെന്നും ഇതാണ് ആറാം തീയതി വൈകിട്ട് പൊലീസ് പിടിയിലായ ശ്രീജിത്തിന് പിറ്റേന്ന് വയറുവേദനയുണ്ടായെതന്നും മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. സമയത്ത് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ശ്രീജിത്ത് മരിക്കില്ലായിരുന്നെന്നും ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം, കേസില്‍ അറസ്റ്റിലായ പൊലീസുകാരെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തങ്ങള്‍ നിരപരാധികളാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ മൊഴി നല്‍കി.


Read | കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍; രാജ്യത്ത് 500 ശതമാനം വര്‍ദ്ധനവ്


ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിന്റെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഉടന്‍ റൂറല്‍ പൊലീസിന് ശ്രീജിത്തിനെ കൈമാറിയെന്നും ഇവര്‍ മൊഴി നല്‍കി. കുറ്റം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more