അയോധ്യയിലെ മധ്യസ്ഥ ചര്‍ച്ചയില്‍ ഓഗസ്റ്റ് 15 വരെ സമയം; വിഷയത്തിലെ പുരോഗതി പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക വിഷയത്തില്‍ മധ്യസ്ഥസമിതിക്കു ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 15 വരെ സുപ്രീം കോടതി സമയം നീട്ടിനല്‍കി. മധ്യസ്ഥതയുടെ പുരോഗതി കോടതി വിലയിരുത്തുകയും മധ്യസ്ഥചര്‍ച്ച വെട്ടിച്ചുരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എഫ്.എം ഖലീഫുള്ള അധ്യക്ഷനായ സമിതിയാണു മധ്യസ്ഥ ചര്‍ച്ച നടത്തുന്നത്. സമിതി കോടതിക്കു മുന്നില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി ഇനിയും കൂടുതല്‍ സമയം വേണമെന്നു സമിതി ആവശ്യപ്പെട്ടതു കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. ഇതുവരെയുള്ള ചര്‍ച്ചയില്‍ എന്തു പുരോഗതിയാണുണ്ടായതെന്ന കാര്യം പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
മാര്‍ച്ച് എട്ടിനാണു വിഷയത്തില്‍ വിവിധ കക്ഷികള്‍ തമ്മില്‍ സമവായത്തിലെത്താന്‍ സാധ്യത തേടിക്കൊണ്ടു കോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത്. പിന്നീട് ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. ഖലീഫുള്ളയ്ക്കു പുറമേ ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയാണു മുദ്രവെച്ച കവറില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. എട്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കണമെന്നു സമിതിയോട് കോടതി ആദ്യം ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ വിവിധ കക്ഷികളും സമിതിയംഗങ്ങളും ഉന്നയിക്കുന്ന അഭിപ്രായങ്ങള്‍ രഹസ്യമായിരിക്കണമെന്നും ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ അപ്പീലുകളാണു കോടതിക്കു മുന്നിലുള്ളത്. അയോധ്യയിലേതു വസ്തുതര്‍ക്കം മാത്രമല്ലെന്ന നിലപാടിലാണു കോടതി മധ്യസ്ഥചര്‍ച്ചയുടെ സാധ്യത തേടിയത്.
ചിത്രം: 1992 ഡിസംബര്‍ ആറിനു കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നു