11 ദിവസം പൂഴ്ത്തി, മൈക്കിന് വേണ്ടിയുള്ള വി.ഡി സതീശന്‍-സുധാകരന്‍ പോര് നില്‍ക്കകള്ളിയില്ലാതായപ്പോള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍
Kerala
11 ദിവസം പൂഴ്ത്തി, മൈക്കിന് വേണ്ടിയുള്ള വി.ഡി സതീശന്‍-സുധാകരന്‍ പോര് നില്‍ക്കകള്ളിയില്ലാതായപ്പോള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 1:16 pm

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മൈക്കിന് വേണ്ടി ‘തമ്മില്‍ തല്ലുന്ന’തിന്റെ ദൃശ്യങ്ങള്‍ ഇത്രയും ദിവസം പുറത്തുവിടാതിരുന്ന മുന്‍നിര മാധ്യമങ്ങളുടെ നടപടി വിവാദത്തില്‍.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആദ്യം ആര് സംസാരിക്കുമെന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്.

വാര്‍ത്താസമ്മേളന വേദിയില്‍ ആദ്യമെത്തിയത് സതീശനായിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്‍ എത്തുന്നത്. ഇതോടെ സതീശന്‍ തന്റെ മുന്നിലേക്ക് മൈക്കുകളെല്ലാം നീക്കി വെച്ചു. ഇതോടെ ഞാന്‍ തുടങ്ങാം എന്നായി സുധാകരന്‍. എന്നാല്‍ അതിന് സമ്മതിക്കാതെ ‘ഇല്ലല്ല, ഞാന്‍ തുടങ്ങാം’ എന്ന് പറയുകയായിരുന്നു വി.ഡി സതീശന്‍.

‘അതെങ്ങനെയാ, കെ.പി.സി.സി പ്രസിഡന്റ് എന്ന നിലക്ക് ഞാനല്ലേ പറയേണ്ടത്, ഞാന്‍ തുടങ്ങി വെച്ച് ബാക്കി നിങ്ങള്‍ പറഞ്ഞോളൂ’ എന്ന് സുധാകരന്‍ പറഞ്ഞപ്പോഴേക്കും സതീശന്‍ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും മൈക്കെല്ലാം കൂടി സുധാകരന് മുന്നിലേക്ക് തള്ളിവെക്കുകയുമായിരുന്നു.

ഇതിനിടെ ഷാള്‍ അണിയിക്കാന്‍ വന്നയാളോടും സതീശന്‍ നീരസം പ്രകടിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും ഒന്നും സംസാരിക്കാന്‍ വി.ഡി സതീശന്‍ തയ്യാറായില്ല. എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ എന്നായിരുന്നു ഒറ്റവാക്കിലുള്ള സതീശന്റെ മറുപടി.

കോട്ടയം ഡി.സി.സി ഓഫീസില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ മലയാളത്തിലെ എല്ലാ ദൃശ്യ മാധ്യമങ്ങളും പങ്കെടുത്തിരുന്നു. പുറത്തുവന്ന വീഡിയോയില്‍ ചാനലുകളുടെയെല്ലാം മൈക്കുകളും കാണാം. വാര്‍ത്താസമ്മേളന വേദിയില്‍ വെച്ച് മൈക്കിന് വേണ്ടിയും ആദ്യം ആര് സംസാരിക്കുമെന്നതിനെ ചൊല്ലിയും നടക്കുന്ന തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടായിട്ടും ഇത്രയും ദിവസം പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല.

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വീഡിയോ മുക്കിയ മാധ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് മാത്രമാണ് വീഡിയോ പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറായത്.

പിണറായി വിജയനോ എം.വി ഗോവിന്ദനോ അല്ലെങ്കില്‍ ഇടതുമുന്നണിയിലെ മറ്റേതെങ്കിലും നേതാക്കളോ തമ്മിലായിരുന്നു ഇത്തരത്തിലൊരു വാക്‌പോര് വാര്‍ത്താ സമ്മേളന വേദിയില്‍ ഉണ്ടായിരുന്നതെങ്കില്‍ അത് തത്സമയം മാധ്യമങ്ങള്‍ പുറത്തുവിട്ടേനെയെന്നും കോണ്‍ഗ്രസിലെ ഭിന്നതയായതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന നിലപാടിലേക്ക് മാധ്യമങ്ങള്‍ എത്തുകയായിരുന്നു എന്ന വിമര്‍ശനവുമാണ് ഉയരുന്നത്.

ക്യാമറകള്‍ക്ക് മുന്നില്‍ പോലും ഇങ്ങനെയുള്ള ഈഗോ ക്ലാഷുകള്‍ നടക്കുമ്പോള്‍ ക്യാമറയില്ലാതെ എന്തൊക്കെ നടക്കുന്നുണ്ടാകും എന്ന് ആലോചിക്കാവുന്നതേയുള്ളൂവെന്നും പാര്‍ട്ടിയേക്കാള്‍ വലുതായി വ്യക്തികളുടെ ഈഗോ വളരുമ്പോള്‍ സംഭവിക്കുന്നതാണ് ഇതെല്ലാമെന്നുമാണ് സോഷ്യല്‍മീഡിയയിലുള്ള ചില പ്രതികരണങ്ങള്‍.

ഇത്തരമൊരു സംഭവം നടന്നത് എല്ലാ ചാനലുകളുടേയും മുന്നില്‍ വെച്ചാണെങ്കിലും അവരാരും ഈ ദൃശ്യം പുറത്ത് വിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ അത്ഭുതമെന്നും നല്ല അച്ചടക്കവും നൈതികബോധവുമുള്ള മര്യാദാരാമന്മാരായി അവരത് ഒറ്റക്കെട്ടായി മുക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിക്കുന്നത്.

ഒരു കണക്കിന് ഇത് കോണ്‍ഗ്രസ്സുകാരുടെ വിഷയമായത് നന്നായി. ഈ മൈക്ക് പിടിവലി പിണറായി വിജയനും ഗോവിന്ദന്‍ മാഷും തമ്മിലായിരുന്നെങ്കില്‍ നമ്മുടെ ചാനലുകള്‍ക്ക് അടുത്ത ആറ് മാസത്തിനുള്ള വിവാദ വിഷയം ആകുമായിരുന്നു. ഗ്രൂപ്പ് പോരും ഗ്രൂപ്പ് വഴക്കും പിളര്‍പ്പും വരെ ചര്‍ച്ച ചെയ്യുന്ന ന്യൂസ് അവര്‍ കരയോഗങ്ങളുടെ പൊടിപൂരമാവുമായിരുന്നു. ഗമ്മും ഫെവിക്കോളുമെല്ലാം ഇതില്‍ ഒട്ടിപ്പിടിച്ച് കാണ്ഡം കാണ്ഡം എപ്പിസോഡുകള്‍ വരുമായിരുന്നു. അതില്‍ നിന്ന് നമ്മളെല്ലാം രക്ഷപ്പെട്ടു. ദൈവത്തിന് സ്തുതി, എന്നായിരുന്നു ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

Content Highlight: Medias faces Criticism for not releasing the video of Sudhakaran and satheesan conflict on press meet