| Saturday, 17th June 2017, 4:15 pm

ആര്‍ക്ക് വേണ്ടിയാണ് നമ്മള്‍ ഈ പണിയെടുക്കുന്നത്: പുതുവൈപ്പ് സമരം വാര്‍ത്തയാക്കാതെ മെട്രോ ആഘോഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് സഹപ്രവര്‍ത്തകന്റെ ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊച്ചി പുതുവൈപ്പിലെ ഐ.ഒ.സിയുടെ പ്ലാന്റിനെതിരായ സമരം പൂഴ്ത്തിവെച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശന ശരവുമായി മീഡിയ വണ്ണിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. സുനില്‍ കുമാര്‍.

ആര്‍ക്ക് വേണ്ടിയാണ് നമ്മള്‍ ഈ പണിയെടുക്കുന്നതെന്ന് കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ നെഞ്ചില്‍ കൈവെച്ച് ചോദിക്കണമെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പൊലീസ് പുതുവൈപ്പിലും കൊച്ചി നഗരത്തിലും തല്ലിച്ചതച്ചപ്പോള്‍ എന്തുകൊണ്ട് അത് വാര്‍ത്തയായില്ലെന്നും സുനില്‍ കുമാര്‍ ചോദിക്കുന്നു.


Dont Miss പുതുവൈപ്പില്‍ വീണ്ടും സമരപ്പന്തലുയര്‍ന്നു: ഐ.ഒ.സി പ്ലാന്റിനെ കെട്ടുകെട്ടിക്കുംവരെ ഞങ്ങളിവിടെയുണ്ടാകുമെന്ന് സമരക്കാര്‍ 


ഒരു ചെറിയ ലാത്തിവീശല്‍ പോലും ലൈവും ചര്‍ച്ചയും ഒന്നാം പേജ് തലക്കെട്ടുമാക്കുന്ന നമ്മളെന്തുകൊണ്ടാണ് ഒരു ജനതയുടെ ആശങ്കകളെ, അവര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെ ഇത്ര നിര്‍ദ്ദയമായി അവഗണിച്ചത്.

13 കിലോമീറ്റര്‍ ദൂരം ഓടുന്ന മെട്രോ പദ്ധതിയുടെ ഉദ്ഘാടന ദിവസം നമ്മുടെ കണ്മുന്നില്‍ നടന്ന അതിക്രമം വാര്‍ത്തയാക്കിയാല്‍ വികസന വിരുദ്ധരാകുമെന്ന് ആരാണ് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നും സുനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

സുനില്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ നെഞ്ചില് കൈവെച്ച് ചോദിക്കണം. ആര്‍ക്ക് വേണ്ടിയാണ് നമ്മള്‍ ഈ പണിയെടുക്കുന്നതെന്ന്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പൊലീസ് പുതുവൈപ്പിലും കൊച്ചി നഗരത്തിലും തല്ലിച്ചതച്ചപ്പോള്‍ എന്തിന് വേണ്ടിയാണ് ഈ വാര്‍ത്ത പൂഴ്ത്തിവെച്ചതെന്ന്. വൈപ്പിന്‍കരയിലെ പുതുവൈപ്പിലെ തീരദേശ ജനത തങ്ങളുടെ ജീവിത സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയം കൊണ്ടാണ് നാല് മാസത്തിലധികമായി ഐഒസിയുടെ LPG സംഭരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്നത്. അവരുടെ ഭീതി അകറ്റാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ പ്ലാന്റില്‍ പണി തുടങ്ങാനുള്ള ശ്രമം ആ നാട്ടുകാര്‍ തടഞ്ഞു. ആദ്യ ദിവസം തന്നെ പൊലീസ് ആ സമരത്തെ തല്ലിത്തകര്‍ക്കാന് ശ്രമിച്ചു. രണ്ടാമത്തെ ദിവസം കൊച്ചി നഗരത്തിലേക്ക് സമരം മാറ്റാന് തീരുമാനിച്ചു.

ഹൈക്കോടതി ജംഗ്ഷനിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ എഎസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില് തല്ലിച്ചതച്ചു. സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ചു. കുട്ടികളുള്‍പ്പെടെ പലരും ആശുപത്രിയിലാണ്.

ഒരു യുവാവിന്റെ വൃക്ഷണം പൊലീസുകാരന് ഞെരിച്ചുവെന്ന പരാതിയുണ്ടായി. ഒരു ചാനലിന്റെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഡ്രൈവറും ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ടാണ് എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകര്‍ ഈ വാര്‍ത്തകള്‍ പൂഴ്ത്തിവെച്ചത്?

ആരാണ് നിങ്ങളെ അതിന് നിര്‍ബന്ധിച്ചത്. ഒരു ചെറിയ ലാത്തിവീശല്‍ പോലും ലൈവും ചര്‍ച്ചയും ഒന്നാം പേജ് തലക്കെട്ടുമാക്കുന്ന നമ്മളെന്തുകൊണ്ടാണ് ഒരു ജനതയുടെ ആശങ്കകളെ, അവര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെ ഇത്ര നിര്‍ദ്ദയമായി അവഗണിച്ചത്?

13 കിലോമീറ്റര്‍ ദൂരം ഓടുന്ന മെട്രോ പദ്ധതിയുടെ ഉദ്ഘാടന ദിവസം നമ്മുടെ കണ്മുന്നില്‍ നടന്ന അതിക്രമം വാര്‍ത്തയാക്കിയാല്‍ വികസന വിരുദ്ധരാകുമെന്ന് ആരാണ് തെറ്റിദ്ധരിപ്പിച്ചത്? വികസനമെന്നത് ഇവിടെ ജീവിക്കുന്ന മനുഷ്യരെ, അവരുടെ ഉത്ക്കണ്ഠകളെ, ആശങ്കകളെ, പരാതികളെ, ആവശ്യങ്ങളെ പരിഗണിക്കാതെയാണോ നടപ്പാക്കേണ്ടത്? സര്‍ക്കാരും പൊലീസും കോര്‍പ്പറേറ്റുകളും ആവശ്യപ്പെടുന്നത് മാത്രം നടപ്പാക്കുന്നതായി മാധ്യമ പ്രവര്‍ത്തനം മാറിയെന്നത് എത്ര ഖേദകരമാണ്.

We use cookies to give you the best possible experience. Learn more