നിറവ്യത്യാസം ബോധപൂര്‍വമെന്ന പ്രചാരണം വസ്തുതാവിരുദ്ധം, സങ്കേതക പിഴവാണ്; വിവാദ വീഡിയോയില്‍ മീഡിയാവണ്‍
Kerala News
നിറവ്യത്യാസം ബോധപൂര്‍വമെന്ന പ്രചാരണം വസ്തുതാവിരുദ്ധം, സങ്കേതക പിഴവാണ്; വിവാദ വീഡിയോയില്‍ മീഡിയാവണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2023, 9:36 pm

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് റിപ്പോര്‍ട്ടിങ്ങിനിടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിച്ച വിവാദ വീഡിയോയില്‍ പ്രതികരണവുമായി മീഡിയാവണ്‍. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തലയില്‍ കെട്ടിയ ചുവപ്പ് റിബണിന് നിറവ്യത്യാസം സംഭവിച്ചത് സാങ്കേതിക തകരാറുമൂലമാണെന്ന് മീഡിയാവണ്‍ എഡിറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ വീഡിയോയില്‍ ‘ആര്‍.എസ്.എസ് ഗണഗീതത്തിന്റെ താളത്തില്‍ പാട്ടുപാടി…’ എന്ന തരക്കെട്ടില്‍ പ്രസിദ്ധീകരിച്ചത് തെറ്റായ താരതമ്യമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കലാശക്കൊട്ട് വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പാട്ടുപാടുന്ന ദൃശ്യം മീഡിയവണ്‍ ചിത്രീകരിച്ചിരുന്നു. ഇത് ടി.വിയിലും യൂട്യൂബിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഫേസ്ബുക്കില്‍ മാത്രം ഇതിന്റെ തലക്കെട്ടില്‍ ‘ആര്‍.എസ്.എസ് ഗണഗീതത്തിന്റെ താളത്തില്‍ പാട്ടുപാടി…’ എന്ന് ചേര്‍ത്താണ് പ്രസിദ്ധീകരിച്ചത്. ഇത് തെറ്റായ താരതമ്യമാണെന്ന് മനസിലാക്കി, ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ നീക്കം ചെയ്തു. ഈ തലക്കെട്ട് കൊടുക്കാനിടയായതെങ്ങനെയെന്ന് ഗൗരവപൂര്‍വം അന്വേഷിക്കുന്നുണ്ട്.

പാട്ടുപാടി വോട്ടു പിടിക്കുന്നതിന്റെ ദൃശ്യത്തില്‍ പ്രവര്‍ത്തകര്‍ തലയില്‍ കെട്ടിയ ചുവപ്പു റിബണിന് നിറവ്യത്യാസം സംഭവിച്ചത് ബോധപൂര്‍വം വരുത്തിയതാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാണ്. ദൃശ്യം ചിത്രീകരിച്ച ക്യാമറയില്‍ സംഭവിച്ച സാങ്കേതിക തകരാറുമൂലം ഉണ്ടായ നിറവ്യത്യാസമാണ്, ജാഗ്രതയുണ്ടായിരിക്കണം എന്ന സന്ദേശം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു,’ മീഡിയവണ്‍ എഡിറ്ററുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അടിസ്ഥാന രഹിതമായ ക്യാപ്ഷന്‍ നല്‍കി പങ്കുവെച്ചെതിനെച്ചൊല്ലായണ് വിമര്‍ശനമുണ്ടായത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ പ്രചരണത്തിന് കോഴിക്കോട് നിന്ന് എത്തിയ പത്തോളം പേരടങ്ങുന്ന സംഘം കറുത്ത ഷര്‍ട്ടും തലയില്‍ ചുവന്ന മുണ്ടും കെട്ടിയ ഡ്രസ് കോഡിലാണ് കൊട്ടിക്കലാശത്തിനെത്തിയിരുന്നത്. ഇവരുടെ പ്രതികരണം മീഡിയ വണ്‍ ചാനലില്‍ കാണിച്ചപ്പോള്‍ കാവി നിറത്തിലാണുണ്ടായത്.

ഈ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനെച്ചൊല്ലിയും വിമര്‍ശനമുണ്ട്. ‘ആര്‍.എസ്.എസ് രണഗീതത്തിന്റെ താളത്തില്‍ ജെയ്ക്കിന് വേണ്ടി പാട്ടുപാടി വോട്ട് ചോദിച്ച് പ്രവര്‍ത്തകര്‍’ എന്നായിരുന്നു മീഡിയ വണ്ണിന്റെ ആദ്യ ക്യാപ്ഷന്‍. എന്നാല്‍ ഇത് പിന്നീട് എഡിറ്റ് ചെയ്ത് ‘ജെയ്ക്കിന് വേണ്ടി പാട്ടുപാടി വോട്ട് ചോദിച്ച് പ്രവര്‍ത്തകര്‍’ എന്നാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജില്‍ ഇതിന്റെ എഡിറ്റ് ഹിസ്റ്ററിയില്‍ പോയാല്‍ ഈ തിരുത്ത് കാണാന്‍ കഴിയും.

Content Highlight: MediaOne has responded to the controversial video published on its social media pages